ദാരുണദൃശ്യം
“കണ്ടുവോ മാലോകരേ! നിങ്ങളെൻ പൊന്നമ്മയേ
കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും.
കിങ്ങിണിപ്പൈതലവൾ സ്നേഹമുള്ളനുജത്തി,
കുട്ടിക്കുറുമ്പിക്കുഞ്ഞിയെങ്ങോ പോയൊളിച്ചതോ?
വെളിച്ചം മായുന്നയ്യോ! ആരും ചാരത്തില്ലല്ലോ!"
വെറുമേഴാണു പ്രായം, കുഞ്ഞൻ നോവിനാൽ കേണു.
ശാന്തമാമാന്തരീക്ഷം ചത്തുമലർന്നാടലിൽ,
ശാന്തി, ബോംബുകളാലേ കത്തി ചാമ്പലുമായി.
യുദ്ധത്തേരേറ്റീടുന്ന ധാത്രിമാറിലേ ക്ഷതം
യുഗ്മമാമക്ഷികൾക്കോ കണ്ടുനില്ക്കാനാവില്ലാ.
മിസൈൽ, മിസൈലും തമ്മിൽ പൊരുതി ഭീഷ്മം,
മനങ്ങൾ,ലോചനങ്ങളുരുകി ദുഃഖത്താലേ.
ആഹാരം യാചിച്ചീടും ബാലർ,വൃദ്ധർ,മൃഗങ്ങൾ,
അംഗം പൊട്ടിപ്പിടയും നരർ, ഗർഭിണികളും.
സർവ്വം ദൈന്യമാം ദൃശ്യം ദുഃഖത്തിൻ വിളയാട്ടം,
സ്വാർത്ഥവീരന്മാരെന്നാൽ അട്ടഹസിപ്പൂ ക്രൂരം.
സൈന്യത്തിൻ യുവാക്കളോ ഭൂവിട്ടു നാകംപൂകി,
സന്താനം നേതാക്കൾതൻ 'പഞ്ചതാര*ഹോട്ടലിൽ,
യുദ്ധത്താൽ കഷ്ടം പണ്ടായ് സ്വാസ്ഥ്യം സ്വർഗ്ഗംതേടിപ്പോയ്,
'യുദ്ധവും ശാന്തതയും*' കിത്താബു 'ടോൾസ്ടോയ്, നെയ്തു.
ജാലകം മാനസത്തിൽ നേതാക്കൾ പണിഞ്ഞീടാൻ,
ജാഗരായ് ജനത്തിൻ്റെയുള്ളിലേ തേങ്ങൽ കാണ്മാൻ.
ജീവമന്ദിരം* വിട്ടു വിണ്ണിൽ ചേക്കേറുന്നോരേ!
ജീവജാലത്തോടുള്ള കാരുണ്യം ബാഷ്പമായോ?
ജയധ്വജമഥവാ പാറിക്കാൻ മുന്നേറുന്നോർ
ജനിച്ച ജീവനുകൾ മായ്ച്ചതു സൃഷ്ടിക്കുമോ?
ആഹവമെന്തിനാമോ! പാഥേയം ഭൂവിലായി,
ആവശ്യം മാനിച്ചീശനൊരുക്കി വച്ചിട്ടില്ലേ?
പോരു തീർത്തനഷ്ടങ്ങൾ ഗണിതത്തിന്നപ്പുറം,
പാരിന്മേലേപ്പോയാലും സദ്ഗതിയെത്തുകില്ലാ.
ആത്മാവെല്ലാമൊന്നല്ലേ? സമാധാനം വിതയ്ക്കാം!
അന്യോന്യം കാഴ്ചവയ്ക്കാം 'ലോകാ സമസ്താ സുഖം'!
യുദ്ധവും ശാന്തതയും*-യുദ്ധവും സമാധാനവും-War and Peace, the book by Leo Tolstoy
Comments
Post a Comment