ഹതോസ്മ്യഹം

 


(വൃത്തം-കാകളി)


രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ,

ധർമാത്മവീരനാം കോസലരാജനായ്.

ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും

വിസ്തൃതകാനനം പൂകി നായാട്ടിനായ്.


മൗനമായ് കാടകം നിൽക്കുന്നു ഭേഷായി,

മാനമായുള്ളത്തിൽ  പാട്ടൊന്നു മൂളുന്നു.

ഘോരവനത്തിൽ മഹീരുഹം* പാടുന്നു 

കർണ്ണം തൊടാതുള്ള  രാഗം മനോഹരം.


വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു 

ഭൂവിൽ വനം സ്വനഹീനം ഭയാനകം.

"വാരണം തൂണുപോൽ നീണ്ടൊരു തുമ്പിയിൽ, 

കോരിയാറ്റിൻ ജലം,” ഭൂപതി ശങ്കിച്ചു.


വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു,

കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം.

കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ  

കുംഭം  നിറച്ചു മാതാപിതാക്കൾക്കായി.


പൊന്നായ പുത്രനാം   ബാലകൻ  ശ്രാവണൻ  

അന്ധരാം മാതാപിതാക്കളേ പാലിച്ചു.

സ്നേഹത്തിലാദരം  ചാലിച്ചു  ചേർത്തങ്ങു 

നന്നായി  നോക്കി സാധുക്കളേ സർവ്വദാ.


കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു,

കേൾപ്പിച്ചു  താപസബാലൻറെ  വൃത്താന്തം,

താതനും  ഭേദിച്ചു ശബ്ദത്തിൻ ശൂന്യത

പാതിമെയ്യും  തേങ്ങി ദുഃഖം പൊറാഞ്ഞഹോ!


സങ്കടം തീരാതെ വൃദ്ധനാം താതനും

ശങ്കാവിനാ ശാപസായകമൊന്നെയ്തു,

"പുത്രദുഃഖംപേറി ഞങ്ങൾ പൂകും മൃത്യു,

ആത്മജാതാപം നിനക്കും ഭവിക്കട്ടെ.”


ചിന്തനം ചെയ്യാതെ ചെയ്തു കർമ്മം നൃപൻ;

സന്താപകാര്യമായ്, മൃത്യുവിൻ ഹേതുവായ്.

രണ്ടുവട്ടം ചിന്ത ചെയ്ക,യനിവാര്യം,

ഇണ്ടലില്ലാതെ  ദൗത്യം പൂർത്തിയാക്കുവാൻ. 


മഹീരുഹം*= വൃക്ഷം 

ഹതോസ്മ്യഹം*= ഞാൻ കൊല്ലപ്പെട്ടു




Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!