ഓടിവരുന്നുണ്ട് വർഷനാരി



( വൃത്തം-മഞ്ജരി)


മാരിവരുന്നില്ല,നാടുവിട്ടോടിയോ?

തീരുന്നില്ലാ വേവു നോവേറുന്നൂ.

വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും 

കേഴുന്നു നീരിൻ്റെ തേൻതുള്ളിക്കായ്.


പാരിനേ വേണ്ടന്നോ? ഊരിലില്ലേ വർഷം?

ക്രൂരതഹൃത്തിനെ മൂടിയിട്ടോ?

ആരേഭയന്നിട്ടോ,ആരോടോകോപിച്ചോ

ആര്യമാവുമായി  തെറ്റിപ്പോയോ?


വേറെ ലോകത്തെങ്ങാൻ യാത്ര ചെയ്യുന്നുണ്ടാം,

കാർമുകിലും പോയി  പെയ്ത്തിനൊപ്പം.

പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളു-

മാമോദം പൂണ്ടു മറന്നോ കർമ്മം?


ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം

സാമോദമായ്  നിറച്ചന്നു വൃഷ്ടി.

ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു

സ്വാദോടു വെള്ളം കുടിച്ചുതീർത്തു.


കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി

കാറിനേം  മാരിയേം കൂടെക്കൂട്ടീ.

എത്രയോ ദൂരത്തായ് മൂവരുംകൂടി പോയ്,

ചിത്രം വിചിത്രം പ്രപഞ്ചധർമ്മം.


ആകാശനീലിമ, ആഹാ! മനോഹരം,

ചക്രധനുസ്സിന്നും  വർണ്ണച്ചേല!

മാരിവരുന്നിപ്പോൾ  മേളത്തിൽ താളത്തിൽ,

കോരിച്ചൊരിയുവാൻ തോഷപൂർവ്വം.


പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും

ഓടിവരുന്നുണ്ടേ  വർഷനാരി.

ക്ഷുത്ത്, ദാഹസ്ഥിതി ഓടിമറയുന്നു,

ക്ഷോണിക്കു സൗഖ്യവുമേറീടുന്നൂ.

 

അശ്വാരൂഢനായി കാണാമറയത്തായ്,

വിശ്വംചമച്ചവൻ സഞ്ചരിപ്പൂ.

വിശ്വാസ വഞ്ചന കാട്ടുകില്ലാ പ്രഭു!

വശ്യമായ്  വച്ചിട്ടുണ്ടെല്ലാമെല്ലാം.


Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!