ഉദരാർത്തി

                                                                                                                                                                                                                         


    (മഞ്ജരി)


ആകേയവൾക്കുള്ള  സ്വപ്നമൊന്നേയുള്ളു,

ഏകപുത്രിക്കുദരാർത്തിക്കന്ത്യം.

കാറിൻ്റെ  വാതിൽതുറന്നിറങ്ങി  വന്ന 

സാറിനോടായ് പൈസ യാചിച്ചവൾ.


“മാറിനിൽക്കൂ ’ശവം!’ പാതമുടക്കാതെ

കൂറമുണ്ടെന്നിലായ്  സ്പർശിക്കൊല്ലാ .”

മാറിനുള്ളിൽ സർവ്വ ദുഃഖവും വച്ചവൾ

ജീർണ്ണവസ്ത്രത്താലേ   മായ്ച്ചു കണ്ണീർ.


എത്രയോ സുന്ദരം ‘ജോലിയും കൂലിയും’

എല്ലാർക്കും കൈ കൊടുക്കില്ല വേല.

മാത്രനേരമൊരു ജോലിക്കായാളില്ലാ,

കാത്തിരിപ്പോർക്കോ  കിട്ടില്ലാ പണി.


എത്ര ശ്രമം  ചെയ്തും വേലതേടിയാലു-

മെത്തില്ല  ഭാഗ്യഹീനർക്കായ് കർമ്മം.

വല്യശ്രമങ്ങളേ പുൽകുന്നു  മാനുഷർ 

വല്ലായ്മതീർക്കുവാൻ തൊഴിൽ നേടീ.


ആഹാരമില്ലാത്തോരാടശൂന്യമായോർ

ഗേഹം  വെറും പ്ലാസ്റ്റിക്കിൻ്റെ  മൂടീ.

ദ്രോഹബാണങ്ങളും ചിന്തിടും ചോരയും 

മോഹം ഹനിക്കുവാൻ ഹേതുവാകും.


സൂര്യചന്ദ്രന്മാരും താരകക്കൂട്ടവും

പാരം തിളങ്ങി പ്രകാശം നല്കൂ.

പ്രാണവാതം  തെല്ലും വൈജാത്യം കാട്ടാതെ

പ്രാണികൾക്കേകുന്നു  ജീവശ്വാസം.


മാനവൻ മാനവമൂല്യത്തെക്കൊല്ലുന്നു, 

ദാനവന്മാരായാടുന്നു ഭൂവിൽ. 

സമ്പത്തിൻ കുന്നിലെ മാളിക മേലാളർ, 

സ്വാർത്ഥതാശയ്യയിലായ് ശയിപ്പൂ.


പാരിൽ പ്രഹേളികാതുല്യമായ് മാറുന്നു

ചാരുസ്വാദേറും സമഷ്ടിശബ്ദം.

മർത്ത്യാ! ഉണരൂ നീ മിന്നാമിന്നിജീവൻ

വ്യർത്ഥമാക്കൊല്ലാ,നന്മകൾ ചെയ്യൂ.



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!