നല്ലതാംകാര്യങ്ങൾ!



  (വൃത്തം-മഞ്ജരി)


എല്ലാ നരൻമാരുമിന്നിൽ ജീവിക്കണം,

വല്ലാത്ത കാഠിന്യകർമ്മം  വേണ്ടാ.

നാളേക്കു സമ്പത്തിൻ  ശൈലമുയർത്തേണ്ടാ,

നാളുകളേറുമ്പോൾ   മാർഗ്ഗമുണ്ടാം.


നീളെ നീളെയുള്ള  പ്രയാണപ്പാതകൾ,

പാളുമെന്നാൽ തെല്ലും  ശ്രദ്ധയില്ലേൽ.

കൈയുകൾ വേണ്ടപോൽ  വേലചെയ്തീടുകിൽ,

മെയ്യിനു സ്വദിക്കാം സ്വാസ്ഥ്യകാര്യം.


ആവുന്ന കാലത്തെ   സൂക്ഷ്മമാം സമ്പാദ്യം,

ആവില്ലാക്കാലത്തെ  സൃഹൃത്താകാം.

നിങ്ങൾതൻ ജാഗ്രത  നിങ്ങൾക്കേകും രക്ഷ,

മുങ്ങില്ല വായ്പതൻ   പൊയ്കകളിൽ.


ശ്രദ്ധിക്കണം ചെയ്യാൻ  നല്ലതാംകാര്യങ്ങൾ

ബദ്ധപ്പാടിന്നു  വിരാമമിടാം.

വൃദ്ധതകൂടെ ശയിക്കട്ടെ  സ്നേഹിക്കാം,

സ്വസ്ഥതയുള്ളിൽ കുടിയിരുത്താം.


ഏകാന്ത യാത്രികരേറി വരുന്നിന്നായ്,

മൂകത മൂടുന്നു കംബളമ്പോൽ.

ഫോണിന്റെ വാല്യക്കാരായി  മാറുന്നതിൻ,

ക്ഷീണം മനസ്സിനെയാക്രമിക്കും.


സങ്കടവാരിധി   മുക്കിക്കൊല്ലുംമുന്നെ,

സമ്പർക്കം കൂട്ടിടാം   തോഷമേറും.

വീടിന്റെ ബാഹ്യവിശാല ലോകത്തായി

ആടും  മയൂരത്തെ  കണ്ടുകിട്ടും.


ആലോലമാടുന്നയാലിന്റെ   ശാഖകൾ,

ആലവട്ടം വീശും  നാളികേരം,

ആലില,നാസികാ  ബന്ധുവാം പിച്ചിയും,

 മാലേയം പേറും  മരുത്തുമുണ്ടേ.


ആഹ്ളാദമേറുവാനീവിധം ചുറ്റിലും,

ആഹാ! ഭൂമാതായൊരുക്കീ നന്മ.

ആലസ്യം പൂശി സ്വഗാത്രം ദുഷിക്കൊല്ലാ

ശേലുകൾ ബാഷ്പ ങ്ങളാക്കീടൊല്ലാ!

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

പാവനനാമം!

കർണ്ണികാരം