ചാരുരൂപം!
(വൃത്തം-മഞ്ജരി)
രാവുനിലന്തേടിയീറനായെത്തുന്നു,
നീലനിലാവുമായ് കൈകോർക്കുന്നൂ.
കാതങ്ങൾ താണ്ടുന്നൂയെത്തിനോക്കീടുന്നു
ശീതഗു മെല്ലെയായ് മുഗ്ദ്ധഭൂവിൽ.
അക്ഷതം ചുറ്റിലും ചേറിയെറിഞ്ഞപോൽ
നക്ഷത്രം നിൽപ്പൂ ദ്യോവിൻ മുറ്റത്തായ്.
ശിഷ്ടരായ് രാപ്പൂക്കൾ മേളിച്ചു നിൽക്കുന്നു,
ഇഷ്ടഗന്ധം ചുറ്റും ചേറീടുന്നൂ.
തുഷ്ടിയിൽ ചുറ്റിയ ശുഭ്രവർണ്ണപ്പട്ടിൽ,
കഷ്ടംവിനാ കാറ്റിൽ നാരി നില്പൂ.
യക്ഷപത്നീവിഹാരത്തിന്റെ പൂർണ്ണിമ,
ഭക്ഷിക്കാൻ തേടിടും ചോര ചൂടായ്.
സൃഷ്ടിയിൽ ബ്രഹ്മാവു ചെയ്തൊരബദ്ധമായ്
യക്ഷയക്ഷിമാർ വിഹാരം ചെയ്വൂ.
യക്ഷിയിട്ടൂളിയും ജ്യോത്സ്നതൻ ധാരയിൽ
മൃഷ്ടാന്നം പാനം ചെയ്യേണം നിണം.
ആലുകൾ,ആഞ്ഞിലി മിത്രങ്ങളാക്കാട്ടിൽ,
പാലപ്പൂഗന്ധം മണത്തു നിൽപ്പൂ.
മോഷണദൗത്യത്തിന്നാശ പേറീയോരു
മോഷ്ടാവും വന്നെത്തി യുക്തിപൂർവ്വം.
ചോരനോ കൊള്ളയ്ക്കു വേദികളെത്തേടി,
ചാരെയായ് വന്നൊരു ചാരുരൂപം.
കാലുനിലന്തൊടായക്ഷിണിയർത്ഥിച്ചു,
കാൽക്കഴഞ്ചുമാത്രയിൽ ചുണ്ണാമ്പും
കള്ളന്റെ കൈയിലായ് ചേക്കേറി കത്തിയും
കള്ളിയാമാനിനി ഭയന്നോടി.
കള്ളനാണെങ്കിലും വേണ്ടൊരു നേരത്തായ്
കള്ളമില്ലാത്ത വിവേകം വന്നൂ.
ശീതഗു=ചന്ദ്രൻ
Comments
Post a Comment