പന്ത്രണ്ടു പുത്രർക്കു പ്രിയമാതാ!
ഉപമഞ്ജരി
പന്ത്രണ്ടു പുത്രതൻസ്വന്തമമ്മ
പന്തീരുകുലപ്പറച്ചിയല്ല.
ഒന്നൊന്നായ് പന്തിയിൽ വന്നുപോകും,
പന്ത്രണ്ടും ഹൃത്തിനെയാകർഷിക്കും.
മന്നിൽ സഹായങ്ങൾ നൽകീടാനായ്,
കുന്നോളം ചേതങ്ങൽ തീർത്തിടാനായ്,
കന്മഷം കണ്ണീർച്ചാൽ കീറിടുമ്പോൾ
കണ്ണിണ പൂട്ടാതെ നോക്കുമവൾ.
മേൽനോട്ടം നന്നായിചെയ്യുന്നവൾ
മാതാ, ഭൂമിതൻ സമാനമവൾ,
നല്ലമാർഗ്ഗം സദാ കാട്ടിത്തരും,
ജ്ഞാനമേകീടും ഗുരുവുമാകും.
കാരുണ്യവാരിധിതന്നുടമ
കാരിരുമ്പുപോലെ തീരുമാനം.
കണ്മണിപോലവൾ കാത്തിടുന്നു,
കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി.
കാലവും പുത്രരും വേലചെയ്വൂ
ഇല്ലാ വേലയ്ക്കന്ത്യം വിശ്രമവും,
ഏറ്റമിളയസഹജ പോയാൽ
ചിറ്റമ്മയെത്തിടും മക്കളൊപ്പം.
മുന്നത്തെവർഷം പ്രിയ പുത്രരും
വിണ്ണാംവീട്ടിൽ പാർക്കാൻ നടകൊള്ളും.
പുത്തനാണ്ടാം ചിറ്റ വന്നുകൊള്ളും,
എത്തുമവരൊപ്പം മക്കൾ നല്ലോർ.
മിത്രങ്ങൾക്കായി നാം നേർന്നിടേണം
സദ്ഭാവനായജ്ഞ ഭാവുകങ്ങൾ.
ചിത്തം ബുദ്ധിയിൽ വേണ്ടലക്ഷ്യമായാൽ
പുത്തനാമാണ്ടിനെ ഫുല്ലമാക്കാം.
കാവ്യംപോലെത്തിടും പുതുമോഹം
നവ്യോപഹാരങ്ങൾ കണ്ടെത്തിടും.
ഈശ്വരചിന്തയേ കൂടെക്കൂട്ടാം,
ദൃശ്യമായീടട്ടെ ഉൺമ ഭൂവിൽ.
Comments
Post a Comment