മോഹനമോഹം!
(വൃത്തം - മാധുരി)
(ഉദാ: ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ)
സുവർണ്ണമായൊരു മോഹംപൂത്തൂ
മുങ്ങീ ഞാനതിലായ്.
സുഖദം സുന്ദരമായൊരു സ്ഥാനം
മാടിവിളിക്കുന്നൂ.
മുഴുവൻ വയലുകൾ ഹരിതം ചൂടീ
മലർന്നുശയനത്തിൽ.
മിഴികൾ മടങ്ങുംസൂചനയില്ലാ
മോഹനദൃശ്യങ്ങൾ.
പൂർവ്വാചാരശ്രദ്ധയിൽ മാളിക
ഗർവ്വായ് നിൽപ്പാണേ,
പിന്നിൽ, നടുവിൽ നീളേ മുറ്റം
നടുമുറ്റോമുള്ളിൽ.
മാലേയത്തടികൊത്തിമിനുക്കിയ
പീഠമിരിപ്പുണ്ടേ.
മനോജ്ഞമായങ്ങാടാൻ കട്ടിൽ
പൂമുഖയങ്കത്തിൽ.
പുത്തൻരീതിയിൽ സൗകര്യങ്ങൾ
സർവ്വം വശ്യം ഹാ!
കുറവുകളെല്ലാം വളരെക്കുറവും
വല്ലായ്മയുമില്ലാ.
രുചിരം രുചികരമായൊരുവാടിക,
കൈ കാട്ടീടുന്നൂ.
പൊൻപൂ ചൂടിയസസ്യം ഹൃദ്യം
തിളങ്ങിനിൽക്കുന്നൂ.
ഖഗങ്ങൾ നീളേ പാടീയീണം
നാഗം തലയാട്ടീ,
നാഗസ്വരവും മീട്ടീ വാതം
വൃക്ഷം ചാഞ്ചാടീ.
നറുമലർ നുള്ളാൻ കൈനീട്ടീഞാൻ
ദേവതവന്നോതീ,
"അരുതേ മലരുകൾ നുള്ളുകയരുതവ
ചെടിക്കലങ്കാരം."
ഒഴുകീടുന്നൂ അരുവിയിൽനിന്നും
പീയൂഷധാരാ,
പുഴകളിൽനിന്നും കുതിച്ചുചാടും
ജലവും, ക്ഷീരംപോൽ.
കുടങ്ങൾ നിറയേ നീർ ഞാൻ കോരീ,
ചേറീയവിടെല്ലാം,
ഓടിപ്പോയ ദേവതയോതീ,
“അമൃതമെടുക്കല്ലേ.”
അവരുടെ നാദം വളരെപ്പൊങ്ങീ
ഭീതിയിലായീ ഞാൻ,
അവിടം വിട്ടൂ ഞാനോടിപ്പോയ്;
അയ്യോ! വീണൂപോയ്.
കനവുകൾ കണ്ടതിന്ദുവിൽ വാസം;
ഞാനതിലാറാടീ,
കനവിൽ ചാടീ മറിഞ്ഞുവീണൂ
നിദ്ര സ്ഥലം വിട്ടൂ.
Comments
Post a Comment