കാവ്യക്കറിക്കൂട്ട്!



(വൃത്തം - മഞ്ജരി)


കാല്യത്തിൽ ത്തന്നേ  കവനക്കറിക്കൂട്ടു,

കാമ്യം തയ്യാറാക്കും  കാവ്യശ്രേഷ്ഠർ.   

കാർത്തവ്യത്തിന്നഗ്നി മെല്ലേ ജ്വലിപ്പിച്ചു,

കാവ്യക്കൂട്ടാൻ  ചെയ്യാൻ  ശബ്ദം തേടും .


വൈചിത്ര്യമസാലക്കൂട്ടുകൾ  ചേർത്തിടും, 

വൈശിഷ്ഠരൂപപദ്യക്കറിക്കായ് . 

അർത്ഥവ്യാപ്തിസ്വാദുമേറ്റുമെഴുത്തുകാർ  ,       

സ്വാർത്ഥതയില്ലാ, വരും വരികൾ .


മാലോകർതന്നുടെ    നാക്കിൽ  വസിച്ചീടും   

മഞ്ജുളവാക്കൊത്ത  പാചകങ്ങൾ.

മാന്യസമൂഹമെന്നേറെ ഘോഷിക്കുന്ന,

മർത്ത്യൻറെ പൊയ്മുഖം  കീറിമാറ്റും.


ആരൂഢ ഭാവന ഹൃത്തിലായ് വരാനായ് 

 ആവേശമായ്  കവി ചെയ്യും  തപം. 

ആവുംവിധം  മഹനീയമാം  മൂല്യങ്ങൾ,

ആർക്കും രസിക്കാൻ  പാദത്തിൽ  ചേർക്കും. 


ആമയം കൂടാതെയേതു തമസ്സിലു- 

മാശ്രയം കാണുന്നു കാവ്യകാരൻ.

സങ്കൽപ്പം,സത്യവും  കൈകോർത്തു സഞ്ചാരം 

സാധന ചെയ്യുമച്ചിത്തത്തിലായ്.


കാവ്യതന്തുക്കൾ നിരത്തും കരുത്തോടെ,  

കാലം കടക്കും   ഭാവങ്ങൾ  ചാർത്തും.

കാപഥമില്ലാക്കാവ്യങ്ങൾ   നെയ്യും  കവി, 

കാപട്യപ്പെട്ടി തുറന്നുകാട്ടും.


പേനാനാമത്തിലെ പൊന്നാകും നാരായം 

പാരിടമാനസചോരനല്ലോ.

പോരിനു നിന്നാലോ വാളിനെ  വെന്നിടും, 

പൂർണ്ണശക്തി കാട്ടും  തൂലികകൾ.


പേന  രഹസ്യപരസ്യങ്ങളേ തെല്ലും 

പേടിവിനാ ബാഹ്യേ കൊണ്ടുവരും.  

 പേനയിന്നു  പാഴായ്,  കമ്പ്യൂട്ടർ സായിപ്പു 

പേർത്തും നൂതനനാരായമായി.


കാപഥം= നീചമായമാർഗ്ഗം.






Comments