മഹീതലം രക്ഷിക്കുവാൻ!

  

           (വൃത്ത-നതോന്നത)

  

    

പൂർവ്വദിശാമാർഗ്ഗേ വന്നു വിഭാവസു ശോഭയോടെ.

ഉർവീദേവി നിദ്രവിട്ടു ഉഷാറിലായി.

പർവ്വതനിരകളെല്ലാം മടക്കിമഞ്ഞിൻകമ്പിളി,

മൂരിനിവർത്തി പതിയെ തുടങ്ങി കർമ്മം.

 

ഞായറിന്നുകൊടുക്കുവാൻ സസ്യവൃന്ദം പൂച്ചെണ്ടുകൾ,

മായമില്ലാപുഷ്പ്പങ്ങളാൽ ഒരുക്കിവച്ചു.

കൊക്കുകുട്ടൻ, മരശില്പി, തത്തക്കിളി,  ചെമ്പോത്തുകൾ,    

കൊക്കുംകോഴിഘടികാരോം പഞ്ചവാദ്യത്തിൽ.

    

കോകിലങ്ങൾ തയ്യാറാക്കി ശ്ലോകഗീതം പ്രാർഥനയ്ക്കായ് 

കാകവർഗ്ഗം ഒത്തുചേരും 'കോറസി'ൽ മൂളീ.

പ്രഭാതത്തിൻ  മഹാപൂരം, പ്രഭുക്കളേം ഉണർത്തീട്ടു 

ശുഭമായി കാര്യങ്ങൾക്കു തുടക്കമാക്കി.

 

കാല്യവും ഉടുത്തൊരുങ്ങി  ആര്യമാവെ വരവേൽക്കാൻ 

ശല്യംചെയ്യാതൊത്തുകൂടി  അംബുദക്കൂട്ടം.

പ്രത്യുഷസ്സിൻ സൗന്ദര്യത്തിൽ  കൊണ്ടലിനിപ്പോളസൂയ,

അത്യുന്നതതട്ടിൽനിന്നും ജലം ചീറ്റിച്ചു.

 

വസ്ത്രമാകെ നനഞ്ഞുപോയ്  ചമയങ്ങളൊലിച്ചുപോയ് 

വക്ത്രമവൾകറുപ്പിച്ചു തേങ്ങാൻപാകത്തിൽ.

വാസരമാം വനിതയും കാര്യങ്ങളെ രമ്യമാക്കി,

വന്നു ചേർന്നു നിശീഥിനി ശബ്ദം വയ്ക്കാതെ.

 

വവ്വാലുകൾ രാത്രികാലേ ഗുപ്തമായി ഇരതേടി,

വിവസ്വാനെത്തീടുംമുന്നേ പൊത്തിൽക്കയറീ.

പോയകാലയുണ്മയുടെ നേരാംകാഴ്ചയിവയെല്ലാം

കൈയേറിപ്പോയ് നന്മയെല്ലാം നവോത്ഥാനത്താൽ.

 

പച്ചപ്പുകൾ വെട്ടിമാറ്റി  താരസൗധംകെട്ടിപ്പൊക്കി  

പിച്ചവയ്ക്കും ഇളംകാറ്റും മൃത്യുവിൻതീരെ.

വയലിൻ,ത്വക്കു     പിങ്ഗലം   വർഷപാതം വിട്ടുപോയി,

വയറു, നിറയ്ക്കാൻ ഭോജ്യം  മറ്റുനാട്ടിലായ്.

 

ദാഹം പൊറാതെ കിടപ്പൂ  കൂപങ്ങളും ആറുകളും 

മോഹപൂർവ്വം ദാഹജലം പാനംചെയ്യുവാൻ.

മുറ്റത്തേയ്ക്കിറങ്ങി  രാവിൽ  വാനത്തിലായ്  മിഴിനാട്ടാൽ 

ഒറ്റത്താരംപോലുമില്ല മന്ദം ഹസിക്കാൻ.

 

മാനുഷൻ,കശാപ്പുകാരൻ മുൻപിൻചിന്താരഹിതനായ് 

മേദിനിതൻ പൂമേനിയിൽ  വെടിയുതിർപ്പൂ.

നമ്മൾക്കെല്ലാമുള്ളിലുള്ള  മൂല്യവത്താം ജീവൻപോലെ  

ഉണ്മയുള്ള ദേഹിപേറും  ചരാചരങ്ങൾ.

  

ഒത്തുചേർന്നു നാമെല്ലാരും,  മഹീതലം രക്ഷിക്കുവാൻ

ശ്രദ്ധയോടെ സമൂഹത്തെ വാർത്തെടുക്കേണം.

ഏലേലങ്ങൾ പാടിനമ്മൾ ഒത്തുചേർന്നു വലിച്ചീടിൽ 

മേലെപാർക്കും മലപോലും കൂടെ വന്നീടും.

 

കുട്ടികൾതൻ  ഭാവിനിത്യം ധർമ്മമാർഗ്ഗേ ചരിച്ചീടാൻ   

 കുഞ്ഞുങ്ങളെ നേർവഴിക്കു നയിക്കൂ മർത്ത്യാ.

കണ്ടീടട്ടെ ആനന്ദത്തിൻ സൂര്യരശ്മിതൻ മേളകൾ.

 കൊണ്ടീടട്ടെ  ആശ്വാസത്തിൻ ആത്മനിർവൃതി.

 

 

 

 

 

Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!