സന്ധ്യാദേവി!
(തരംഗിണി)
(തരംഗിണി)
ചുവടുകൾ വച്ചൂ വന്നൂ സന്ധ്യാ,
ചുവന്നയുടുപ്പു ധരിച്ചങ്ങഴകിൽ .
പവിഴനിറത്തിൽ പൗഡറുമിട്ടൂ ,
ഭാവം കാട്ടീ സുന്ദരിയെത്തീ.
ഉഷസ്സു നാമം കാല്യേയെത്തും
പ്രദോഷമായ് സായാഹ്നത്തിലും.
തക്കംനോക്കി കാത്തീടുന്നൂ.
ചെങ്കതിരോൻ്റെ കരങ്ങൾ കവരാൻ.
കേശം കെട്ടീ തിലകം തൊട്ടും
ലേശം ഗന്ധത്തൈലം പൂശി.
മിഴിയിൽ കരിമഷി ചാർത്തീയംഗന,
ഉഴിയുന്നിനനേ നാണത്തോടേ.
അഴകിൻ നിറകുടമായീ പെണ്ണാൾ,
നുഴഞ്ഞുവന്നൂ ഭൂവിൻ തട്ടിൽ.
കാവ്യംപോലവളെത്തും മന്ദം,
കവികൾക്കുണരും ഭാവന നന്നായ്.
അരികിൽ വന്നൂ മെല്ലേ ദേവീ,
നാരികൾ വേല നിറുത്തീ വേഗം.
വരവേൽക്കാനായ് ഭൂവിൻ തനുജർ,
ആരതി ചെയ്‌വൂ ശ്രദ്ധാപൂർവ്വം.
അന്തീദേവിക്കിഷ്ടം നൃത്തം,
നൻപായ് നടനം ചെയ്തൂ മാനിനി.
തിരികെപ്പോകാനാംഗ്യം കാട്ടീ.
സൂര്യൻ പ്രിയയേ കൂടെക്കൂട്ടീ.
തിരിഞ്ഞു നിന്നൂ സന്ധ്യ പതുക്കേ,
ശിരസ്സിലെ മുടികളഴിച്ചുമിട്ടൂ.
കേശം ധരയെ പൂശീ ശ്യാമം,
കൂരിരുൾ കൊട്ടീ പ്രപഞ്ചതാളം.
Comments
Post a Comment