ഓണം അന്ന് ഇന്ന് !
(വൃത്തം- മഞ്ജരി)
കൊയ്ത്തുകാലം വന്നു വാതിലിലായ് കൊട്ടീ,
കൺതുറന്നേ നോക്കി ചിങ്ങഭാതം.
ഭാനുമാൻ നേത്രം തുറന്നു മൂരിനീർത്തി,
ആനന്ദത്തിൽ മുങ്ങീ സൂര്യകാന്തി.
മാരി തിമിർത്താടി കൃഷ്ണനാട്ടം ചെയ്തു,
ധാത്രിയോ കോൾമയിർക്കൊണ്ടു നിന്നൂ.
പൊൻകതിരും ചൂടി മൊത്തമായ് നെൽച്ചെടി,
അൻപോടു കേശമാട്ടിക്കളിച്ചൂ.
കൊയ്‌ത്തുപാട്ടീണങ്ങൾ മൂളി പക്ഷീവൃന്ദം,
മെയ്‌മറന്നാറാടീ പൈക്കിടാങ്ങൾ.
അങ്കണം സ്വാഗതം നല്കീ പൊൻകറ്റയ്ക്കായ്,
മങ്കമാർ വന്നൂ കറ്റമെതിക്കാൻ.
ഹേമവർണ്ണത്തിൽ ശയിച്ചു നെൽമുത്തുകൾ,
സാമോദം നെൽക്കളതൽപ്പത്തിലായ്.
മന്ദസ്മിതത്തോടെ സർവ്വം വരവേറ്റു,
മുങ്ങീ തോഷത്തിൽ വിന്ധ്യൻറെ തോഴി.
പുല്ലാങ്കുഴൽ സദിർ ചെയ്തു സമീരനും,
പൂക്കൈത രോമാഞ്ചകഞ്ചിതയായ്.
കൈരളിസ്ത്രീയുമണിഞ്ഞൊരുങ്ങീ നന്നായ്
കാത്തു മാവേലിക്കായ് മോദം ചൂടി.
ഇന്നിൻറെ കാര്യം കഥിക്കേണ്ടാ, നന്നല്ലാ,
പൊൻപാടമെല്ലാമേ കൊല്ലപ്പെട്ടൂ.
താരില്ലാ താരിനേ ചൂടാൻ മരം നഹി,
താരകത്തേയും മറച്ചശുദ്ധി.
ഭാർഗവൻ തീർത്തൊരാ ഭൂവിന്റെ വേദന,
സങ്കടം തീർത്തു മഹാബലിയിൽ.
നീതിതേടാനായി മേൽക്കോടതിതന്നിൽ,
നേരേപോയ് നിൽപ്പായി രാജൻ ബലി.
വീഥിയിലാളില്ലാ, എന്നാലും പൊന്നോണം
ടീ.വിയിൽ ജീവിപ്പൂ സന്നാഹമായ്.
പൂക്കളവും തുമ്പിതുള്ളലും സദ്യയും,
പുത്തൻ മേളത്തോടെയാഗമിപ്പൂ.
Comments
Post a Comment