സംഗീതം സ്വർഗീയം!



(വൃത്തം - നതോന്നത)


സംഗീതത്തിൻ മകരന്ദം നിത്യംനിൽക്കും നവീനമായ്  

സംഗീതമധു  ഗായകർ പാനംചെയ്യുന്നു.

സംഗീതമാണാത്മാവെന്ന ചിന്തയിലായ് ജീവിക്കുന്നു,

സംഗീതത്തിൻ  കാവൽക്കാരം  ഗായകവൃന്ദം.   


ജന്മപുണ്യമായി നിൽക്കും  സംഗീതത്തിൻവാസനകൾ 

 ഉന്മാദത്താൽ മറ്റു  മനം  മോഷ്ടിച്ചെടുക്കും. 

നിർമ്മലരാഗങ്ങൾ പുണ്യകണ്ഠങ്ങളിലൂടൊഴുകും, 

നൈർമ്മല്യത്തിൻ പര്യായമ്പോൽ, ശബ്ദവീചിയായ്.


നേരായ്ത്തന്നെ ചൊല്ലീടുന്ന, അർത്ഥപുഷ്ടി പേറീടുന്ന,

നിർവൃതി പ്രദാനംചെയ്യും, ഗാനമനേകം. 

സംഗീതജ്ഞർ പൊങ്ങിപ്പാറി വാനകോകിലങ്ങളായി  

ഭംഗിപേറും വരികളിലീണം ചേർക്കുന്നു.


പ്രൗഢമായ  ഗാനരീതി, ദുഃഖംവിനാ  ശ്രവിച്ചീടാം,

ദൃഢമായ പ്രതിധ്വനി കർണ്ണംതലോടും.

സാധകങ്ങൾ വേണ്ടവിധം ചെയ്തീടുന്നൂ  കലാകാരൻ, 

സത്യമായ ഗീതങ്ങളേ മോഹനമാക്കാൻ. 


ഗാനങ്ങൾ, മാധുര്യമോടെ സംഗീതജ്ഞർ ആലപിച്ചാൽ, 

മാനുഷദുഃഖത്തമസ്സിൽ   ദീപം തെളിയും.

സ്നേഹഭാവം,പ്രേമഭാവം, കർണ്ണങ്ങൾക്കു  സുഖഭാവം  

മാനസത്തെ മഥിച്ചീടും കന്മഷമുണ്ടാം. 


മനോഹരപദം ചേർത്ത താരാട്ടിന്റെപാട്ടും കേൾക്കാം,

മനോജ്ഞമധുരസ്വനമാനന്ദം നൽകും.

ശാരീരം ചിരംജീവിയായ്  ഗാനഗന്ധം പൊഴിച്ചീടും 

ശാരദയായ്,   ശരീരമങ്ങിഹം വിട്ടാലും.  


നവ്യശീലെന്നനാമത്തിൽ  അർത്ഥംവിനാ                                          വാക്കുണ്ടാക്കി 

ഭാവനാപൂർണ്ണമാം തന്തു  മുറിച്ചീടോല്ലാ.

വന്ദിക്കാം , മാതൃഗാനത്തെ    സത്തകളെ കൊന്നീടാതെ,

സുന്ദരമാക്കേണം നമ്മൾ 'റാപ്പ'തിൽ വേണ്ടാ.





























Comments