സ്വസ്ഥമാനസം!



(നതോന്നത)


സ്വിച്ചിനാൽ ചലിച്ചീടുന്ന യന്ത്രംപോൽ ചലിക്കും ദേഹം

സ്വസ്ഥതയെങ്ങനെയുണ്ടാം മാനസതാരിൽ?

*നിത്യംപോലേയൊഴുകീടും, നിത്യം വേല വീട്ടമ്മയ്ക്കായ്,

"യാത്രപോകാം ദൂരെയെങ്ങാൻ," ചിന്തനം പൊന്തി.


ഇഷ്ടമായിയംഗങ്ങൾക്കും അനുകൂലം കാട്ടി പോകാൻ,

പെട്ടെന്നെല്ലാവരും തയ്യാർ, 'റിസോർട്ടി'ലെത്താൻ.

തുഷ്ടിഭാവം കാട്ടി മെല്ലെ പാത്രക്കുഴി മോചനത്താൽ,

അഷ്ഠിനല്കം പാത്രമിന്നു തമ്മിൽത്തല്ലില്ലാ.


പാദപത്തിൻ ജാലങ്ങളും പിച്ചവെയ്ക്കും കൊച്ചുചെടി,

പാതയോരം സമൃദ്ധമായലംകരിച്ചു.

പച്ചപ്പട്ടിൻ പുതപ്പുമായ് ചുറ്റുവട്ടം സുഖദമായ്,

പച്ചയില്ലാപ്പച്ചവെള്ളം മയങ്ങിനിന്നു.


വന്നെത്തി തെല്ലുംവൈകാതെ  ഉച്ചയൂൺ, സായാഹ്നഭക്ഷം,

നീന്തൽക്കുളം കൂട്ടുകൂടാൻ മാടിവിളിച്ചു.

‘എന്തുണ്ടാക്കുമാഹരിക്കാൻ എത്രവേണം പാകംചെയ്യാൻ’

ചിന്തവേണ്ട മാനസത്തിൽ കാര്യം ലാഘവം.


സായംകാലം കൂട്ടരൊത്തു തീരത്തെത്തി കാണാൻ കടൽ,

സാഗരമിടങ്കൈകൊണ്ടു പുൽകിയോരത്തെ.

കള്ളിക്കടൽ മറ്റെക്കൈയ്യാൽ വാനത്തെയും പുണർന്നവൾ,

കള്ളക്കളി പകലോന്നു മനസ്സിലായി.


ആശയ്ക്കു ഭംഗം വന്നപ്പോൾ  രത്നാകരം വിടാനർക്കൻ  

ആശ്രമഭിത്തിയിൽപ്പൂശി ചോപ്പിൻ്റെ ചായം. 

ശ്വേതവസ്ത്രം സ്വയം മാറ്റി കാവിപ്പട്ടു മേലിൽച്ചുറ്റി

ശാശ്വതം സന്യാസംതന്നെ മിത്രൻ  ചിന്തിച്ചു.


ചന്ദ്രമാമൻ മക്കളുമായെങ്ങുനിന്നുമെത്തിയില്ല

ഇന്നത്തേക്കുമാത്രമവരൊഴിവെടുത്തോ?

വെള്ളിമേഘപ്പഞ്ഞിക്കെട്ടും സാഗരത്തിന്നോങ്കാരവും

വെള്ളിവെട്ടം  പാനം ചെയ്യും മണ്ണും സ്വർഗ്ഗീയം.


ചിട്ടകളെ വല്ലപ്പോഴും പൊട്ടിക്കണം  മുക്തമാകാൻ,

വീടുവിട്ടു പ്രപഞ്ചത്തിന്നങ്കേയിരിക്കാൻ.

വേണ്ടാച്ചിന്തയടുക്കില്ലാ മാനസത്തെ സ്വസ്ഥമാക്കാം

ശാന്തി മെല്ലെ ഹൃദിയേറും തേൻതുള്ളിതുല്യം.


നിത്യം=കടൽ , എന്നും 


Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

പാവനനാമം!

കർണ്ണികാരം