കാലത്തിൻ കണക്കുകൾ!
സ്വന്തം കർമ്മം!
(വൃത്തം- അന്നനട)
സമയം സ്വകർമ്മം സദാ ചെയ്യും നൂനം
സമസ്യയാക്കില്ലാ മുഴുമിപ്പിക്കുവാൻ.
സമാധാനപൂർവ്വം വിചിന്തനം ചെയ്‌താൽ,
സകലർക്കും കൃത്യമതുപോൽ തീർത്തിടാം.
നമുക്കും നമ്മുടെ കൃതങ്ങൾതൻ ക്ഷേത്രം
സുമോദം തിരയാമൊരുക്കിടാം ഭംഗ്യാ.
ഒരുരീതിയിലും വിളംബം നന്നല്ലാ
പരം കാര്യം തീർക്കാം ശകലം മുന്നേയായ്.
വളഞ്ഞവീഥികളെടുക്കാഗമനം,
വഷളാക്കില്ലിതേ പരിണാമങ്ങളേ.
വിഷമം തഴുകാൻ വരില്ലാ മാനസം,
വഴികളൊക്കെയും പരമാർത്ഥമെങ്കിൽ.
ശ്രമം കുറയ്‌ക്കേണ്ടാ പവിത്രകർമ്മങ്ങൾ
അമിതം കാക്കാതെ സുപാത കണ്ടിടും.
ഇരുളെത്തും മുന്നേ പരിപൂർണ്ണമാക്കാം
വരുംവരാഴിക നിനച്ചു കാര്യങ്ങൾ.
സമയം പ്രതീക്ഷ തുടരില്ലാർക്കുമായ്
സുമോദം പോയിടുമിടംവലംനോക്കാ.
നമുക്കുള്ള ലക്ഷ്യം ഋതംതന്നെങ്കിലോ
അമേയസഹായം ഭഗവാൻ തന്നിടും.
3.കാലത്തിൻ കണക്കുകൾ!
(വൃത്തം-കേക)
ജീവിതയാത്രാരംഭമെന്നാണെന്നൊന്നു ചൊല്ലൂ,
ജീവിതൻ പൂർണ്ണരൂപം ഭൂമാതെത്തൊടുമ്പോഴോ?
ജീവിതത്തിൻറെ നാന്ദി കുറിക്കും വശ്യമായി,
ജീവൻറെ തുടിപ്പുകൾ മാതാവിൽ മുളയ്ക്കുമ്പോൾ.
അനന്തരം വന്നീടും ഭാവിതൻ സഞ്ചാരങ്ങൾ,
മനുഷ്യനസാധ്യമായ് പാതകളിൽ ഭവിക്കാം.
ആഴിതൻ മഹാ ഗർത്തം, വാതം ജീവനിൽക്കാണാം,
ആഴത്തിൽ കിട്ടാമെന്നാൽ മാണിക്കമുത്തുകളും.
മാളികത്തറവാട്ടിൻ തനൂജന്റെ ചരിതം
നാലാളങ്ങ റിഞ്ഞീടാൻ ചൊല്ലീടുന്നിവിടിപ്പോൾ.
വേദമന്ത്രണമ്പൊങ്ങും കുടുംബപ്പൂമൊട്ടായി
വേദിയിലണഞ്ഞൊരാപ്പുത്രൻ വിതറീയിമ്പം.
സദാ ദിവ്യതപേറും നാമം ശിശുവിൽ ചാർത്തേ ,
‘സദാശിവൻ' നാമത്തെ ശിവനാക്കി വാത്സല്യം.
കണ്ണിലുണ്ണിപോലെയും ഗൃഹഭൂഷപോലെയും
ഉണ്ണിവളർന്നവിടെ സ്‌നേഹപ്പാൽഹാസം തൂകീ.
വേദങ്ങൾ ഹൃദിസ്ഥമായ് മറ്റുപുരാണങ്ങളും,
വേദങ്ങൾ നാലാൽ ശിവൻ ജീവൻറെ പാവുനെയ്തു.
ആദർശക്കസവിനാൽ പാവിനു മോടിയേറ്റി,
ആദ്യാവസാനമവൻ നീതിതൻ സോദരനായ്.
വൻതോതിൽ മാളികയാമില്ലത്തിൽ ദൃശ്യംതന്നെ
വൻശൈലസമാനമായ് സമ്പത്തിൻ കൂമ്പാരങ്ങൾ.
വേദനയുള്ളോർക്കെന്നാൽ പടരാൻ ദയാവല്ലി,
വാദംചെയ്യാതെയേകി മനതൻ മനസ്സുകൾ.
ഇല്ലത്തെയേകാത്മജൻ നാടുവാഴിപോൽ വാണു
നല്ലവനായിത്തന്നെ, വിശാലസ്വത്തിൻ നാഥൻ.
സുവർണ്ണ നാണയങ്ങൾ, നാഗമാണിക്യം,രത്നം,
സുഖമായ് നിദ്രപൂണ്ടു ഗുപ്തമാമറയ്ക്കുള്ളിൽ.
സ്വത്തുതന്നുപസ്ഥിതി കഷ്ടങ്ങളേ ക്ഷണിച്ചൂ,
സൗഹൃദം നടിച്ചെത്തി നാട്ടുകാർ ചുറ്റുമായീ.
സഞ്ചിയിലായനേകം വഞ്ചനാക്കുരുക്കുകൾ
സഞ്ചിതമാക്കി വന്നു മന്ത്രി മിത്രഭാവത്തിൽ.
രഹസ്യമെല്ലാം ചോർത്തി സമ്പത്തു കണ്ടുകെട്ടി,
അഹോരാത്രം കഴിച്ചു ബന്ധുവീടുകളിലായ്.
ചിന്തിക്കൂ രണ്ടെങ്കിലും ചങ്ങാത്തം കൂടുമ്മുന്നേ,
അന്ത്യകാലത്തിലാരും കൂട്ടായുണ്ടാവുകില്ല.
നമുക്ക് ശ്രമിച്ചീടാം നല്ലതാം കാര്യങ്ങൾക്കു
ജന്മമേകാൻ, വളർത്താൻ ഭാവിക്കായ് തൊട്ടിൽ കെട്ടാം.
ചതിപ്പോരേ ചിന്തിക്കൂ കാലത്തിൻ കണക്കുകൾ
കുതിച്ചു പിന്നിൽ വരും നിങ്ങളേം ചോദ്യം ചെയ്യും.
Comments
Post a Comment