ആടിവാ നാഗരേ
ആടിവാ നാഗരേ! ആയില്യമായ്
ആടാടാൻ മാണിക്കം ചൂടിവായോ.
മഞ്ഞളുമെണ്ണയും വച്ചിട്ടുണ്ടേ,
കുഞ്ഞുങ്ങൾ കാക്കുന്നു ചുറ്റിവായോ.
നൂറും പാലും ഞങ്ങളേറെത്തരാം
ആറും കടന്നങ്ങിഴഞ്ഞുവായോ.
ശർക്കര, തേനും ധാരാളമുണ്ടേ,
കർപ്പൂരം കത്തിച്ചു പൂജചെയ്യാം.
ഗംഭീരമായ് കളം തീർത്തിട്ടുണ്ടേ
മംഗളമായ് നാഗർ ആടിവായോ.
കൂട്ടുകാരാം പുള്ളോർ വീണമീട്ടും,
കൊട്ടിപ്പാടും തുംതും പുള്ളോർക്കുടം .
ശ്രീവാസുകീയുമനന്തനുമായ്
ശ്രീവാഴും കാവിൻ നാഗവും വേണേ.
വേണ്ടുവോളം നെയ്യും നല്കിടുമേ,
ഉണ്ടുപോ നാഗരേ! കൂപ്പിടുന്നേൻ.
ആയില്യം കാവിൻ മണിനാഗമേ!
പായൽക്കുളത്തിൻ കരിനാഗമേ!
പുറ്റുംമുട്ടേമുണ്ണാം സർപ്പങ്ങളേ!
പാകത്തിൽ താളത്തിൽ ആടിവായോ.
കാട്ടണേ കാരുണ്യം നാഗങ്ങളേ!
കാക്കണേ ഞങ്ങളേ കഷ്ടംവിനാ.
അമ്പോടനുഗ്രഹം നല്കീടണേ,
പന്നഗദൈവങ്ങളേകൂ തോഷം.
(വൃത്തം-വടക്കൻപാട്ട്)
Comments
Post a Comment