ഒരു ഗോവിൻ വിലാപം
(ഉപമഞ്ജരി)
എന്തു നീ ചെയ്യുന്നു കാര്യം മർത്ത്യാ!
എന്തേ കുരുക്കെൻ കഴുത്തിലിട്ടു ?
എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ,
എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ.
കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി,
കുട്ടിക്കാലം തെല്ലും കിട്ടിയില്ല.
കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി,
കഷ്ടപ്പെടുത്തി വളർത്തീടുന്നു.
പാദപം യാചിപ്പൂ കേളിചെയ്വാൻ,
പക്ഷേ, ഞാൻ ബന്ധനക്കൂട്ടിലാണേ.
പക്ഷി ജാലവുമായ് സല്ലപിക്കാൻ
പിച്ചവെച്ചുവരും കാറ്റുമുണ്ടേ.
പച്ചച്ചെടികളും പുഷ്പങ്ങളും,
പോറ്റുന്നു പച്ചപ്പുൽമൈതാനവും
മെച്ചമായ് പത്രങ്ങൾ ഭക്ഷിക്കുവാ
നിച്ഛാപൂർവ്വം ക്ഷണിക്കുന്നവരും.
മോദപൂർവ്വം ഞാനും സ്വീകരിപ്പൂ,
സ്വാദോടതെല്ലാം ഞാൻ ഭക്ഷിക്കുന്നു.
ഞങ്ങൾതൻ പോഷകമൂല്യമെല്ലാം,
നിങ്ങൾക്കു നൽകും ക്ഷീരം കുശാലായ്.
ഗോവായ് പിറന്നതെൻ കുറ്റമാണോ?
ഗോവിന്ദന്നു പ്രിയ മിത്രർ ഞങ്ങൾ .
ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ
ഗോളത്തിൻ സൗന്ദര്യമാസ്വദിപ്പാൻ.
മാനുഷാ! നിങ്ങൾ കൗണപർ*പോൽ,
മാനത്തിൻ പ്രാധാന്യഹീനരല്ലോ.
മാനത്തെ താരത്തേം വിൽക്കും നിങ്ങൾ,
മാനസം സമ്പത്തിൻ ബന്ധുവായാൽ.
നിങ്ങളോ ഞങ്ങളേ പോറ്റുന്നുപോൽ!
നിങ്ങളെൻ ദുഗ്ദ്ധമിന്നൂറ്റുന്നില്ലേ?
നാളുകൾ പോകവേ പാലു വറ്റും,
നാൽക്കാലി പാവം! ഭോജനമാകും.
Comments
Post a Comment