ദൃശ്യം ദൈന്യം
“കണ്ടുവോ മാലോകരേ! നിങ്ങളെൻ പൊന്നമ്മയേ
കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും.
കിങ്ങിണിപ്പൈതലവൾ സ്നേഹമുള്ളനുജത്തി,
കുട്ടിക്കുറുമ്പിക്കുഞ്ഞിയെങ്ങോ പോയൊളിച്ചതോ?
വെളിച്ചം മായുന്നയ്യോ! ആരും ചാരത്തില്ലല്ലോ!"
വെറുമേഴാണു പ്രായം, കുഞ്ഞൻ നോവിനാൽ കേണു.
ശാന്തമാമാന്തരീക്ഷം ചത്തുമലർന്നാടലിൽ,
ശാന്തി, ബോംബുകളാലേ കത്തി ചാമ്പലുമായി.
വൈരികൾ ധാത്രിമാറിലേല്പിച്ച ക്ഷതങ്ങളേ,
വൈഷമ്യംവിനാ നേത്രം കണ്ടുനിൽക്കുകയില്ലാ.
മിസൈലും ബോംബുമെല്ലാം തമ്മിൽ പൊരുതീ ഘോരം,
മനങ്ങൾ,ലോചനങ്ങളുരുകി ദുഃഖത്താലേ.
ആഹാരം യാചിച്ചീടും ബാലർ,വൃദ്ധർ,മൃഗങ്ങൾ,
അംഗം പൊട്ടിപ്പിടയും നരർ, ഗർഭിണികളും.
ആഹവമെന്തിനാമോ! പാഥേയം ഭൂവിലായി,
ആവശ്യം മാനിച്ചീശനൊരുക്കി വച്ചിട്ടില്ലേ?
സൈന്യത്തിൻ യുവാക്കളോ ഭൂവിട്ടു നാകംപൂകി,
സന്താനം നേതാക്കൾതൻ 'പഞ്ചതാര*ഹോട്ടലിൽ,
പാരിലെ നഷ്ടങ്ങളോ ഗണിതത്തിന്നപ്പുറം,
പാറിമേലെപ്പോയാലും മർത്ത്യാ! സദ്ഗതി വരാ.
സർവ്വം ദൈന്യമാം ദൃശ്യം ദുഃഖത്തിൻ വിളയാട്ടം,
സ്വാർത്ഥവീരന്മാരുള്ളിൽ അട്ടഹസിപ്പൂ ക്രൂരം.
ജാലകം മാനസത്തിൽ നേതാക്കൾ തുറക്കുമോ,
ജാഗരായ് ജനത്തിൻ്റെ തേങ്ങലിന്നാഴം കാണ്മാൻ?
ജീവമന്ദിരം* വിട്ടു വിണ്ണിലെത്തേണ്ട നരാ!
ജീവജാലത്തോടുള്ള കാരുണ്യം ബാഷ്പമായോ?
ജയധ്വജമഥവാ പാറിക്കാൻ മുന്നേറുന്നോർ
ജനിച്ച ജീവനുകൾ മായ്ച്ചതു സൃഷ്ടിക്കാമോ?
'യുദ്ധം, ശാന്തിയും 'ടോൾസ്ടോയ്' കിത്താബു നെയ്തു നൂനം,
യുദ്ധത്താൽ പണ്ടായ് സ്വാസ്ഥ്യം സ്വർഗ്ഗംതേടിപ്പോയപ്പോൾ.
ആത്മാവെല്ലാമൊന്നല്ലേ? സമാധാനം വിതയ്ക്കാം!
അന്യോന്യം കാഴ്ചവയ്ക്കാം 'ലോകാ സമസ്താ സുഖം'!
'യുദ്ധം, ശാന്തിയും*-യുദ്ധവും സമാധാനവും-War and Peace, the book by Leo Tolstoy
Comments
Post a Comment