ശ്രീരാമൻ്റെ അർദ്ധാംഗിനി
അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം
അഭിരാമൻ തർക്കംവിനാ വിപിനം പൂകീ.
പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ,
പത്തനം യുവത വിട്ടു കാന്താരം തേടി.
കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,
കാട്ടരുവി ശുദ്ധിക്കായി തോയവുമേകി.
ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ,
ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.
പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ
പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.
കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും
കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം.
കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി,
കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു.
കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനം നൂനം,
കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ.
കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി;
കോപമാകാം കുശുമ്പാകാം ക്ഷതങ്ങളേകീ.
ഉന്നംവച്ചു ദശമുഖൻ താപസനായ് വേഷംകെട്ടി
പൊന്നുഭൂമിജയെ ഗൂഢം ചോരണം ചെയ്തു.
പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം
പ്രീതി വിതച്ചു, നിറച്ചു ഭീതി രാമനും.
മൈധിലി നിത്യം കാന്തനെ മാനസത്തിൽ പൂജ ചെയ്തു,
മാസങ്ങൾതന്നഴൽ മാറ്റി സുദീപ്തമാക്കി.
അഗ്നിപോലും വേവുംപോലെ, പാതിവ്രത്യതാപത്തിലായ്,
സ്നിഗ്ദ്ധമേനി തീജ്ജ്വാലകൾ തൊടാൻ മടിച്ചൂ.
മാരുതിതൻ സേവനത്തെയാദരിച്ചു ഭൂമിപുത്രി
മാനസത്തെ സമർപ്പിച്ചു അഞ്ജനാപുത്രൻ.
മക്കൾക്കൊപ്പം വാല്മീകിതന്നാശ്രമത്തിലായ് വൈദേഹി
മൂല്യം വിതച്ചു, സർവ്വഥാ സ്മിതം പൊഴിച്ചൂ.
ചോദനയാൽ മർത്ത്യന്നുള്ളിൽ വസിച്ചീടാം ദശാസ്യനും,
ചേതനയാൽ മൃത്യുവേകാം തിന്മകൾക്കെല്ലാം.
ക്ഷമപോലും നമിക്കുന്ന ശ്രീരാമൻതന്നാർദ്ധാംഗിനി!
ക്ഷിതിമകൾ,സീതാദേവി മാർഗ്ഗദർശിതാൻ.
ആത്മസുധാരസപാനസുഖംതരും രാമായണ-
മാത്മാവിൽ തെളിക്കും ദീപ്തി തിളങ്ങിനില്ക്കും.
*(വൃത്തം-നതോന്നത, സ്റ്റാൻസകൾ- 9, വരികൾ- 36)*
Comments
Post a Comment