മകൻ്റെ അമ്മ, അമ്മയുടെ മകൻ

  

 


വസന്തതൻ ധവൻ പുതുപൂന്തേൻ തേടി,

വസിച്ചുമറ്റൊരു യുവതിക്കൊപ്പമായ്.

പരാജയപ്പെടാൻ മനംമടിച്ചപ്പോൾ,

തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി.


ശിഥിലമാം കിനാ സ്വരുക്കൂട്ടീടുവാൻ

മഥിച്ചുമാരോഗ്യം മനഞ്ഞു വസ്ത്രങ്ങൾ.

ചെറുപ്രായത്തിലും മുതിർന്നവൻ കുട്ടൻ,

പ്രസുവിനർപ്പിച്ചു ഹൃദന്തമാം സൂനം .


അതിഥിയായ് ജ്വരം പുണർന്നു കുട്ടനേ,

അതിതാപം മൂലം വലഞ്ഞു രണ്ടാളും.

കുടം കണക്കിനു ജലം തൂകി രാവും, 

കുടുകുടാച്ചാടി പെരുത്തു വർഷവും.


കടൽ, മണ്ണ്, ഗൃഹം, ജനം, ജീവികളും,  

കുടിലതന്ത്രത്താൽ  മഴ വിഴുങ്ങിപ്പോയ്.

നിറഞ്ഞുമാനവരഭയത്തമ്പിലായ്

കുറവിൻ സമൃദ്ധി സമാനം സർവ്വർക്കും.


നിരന്തരമൂറീ മധുപേറും സ്നേഹം,

കുറഞ്ഞില്ലാ തെല്ലും സഹായം തമ്മിലായ്.

വയസ്സിൻ വ്യത്യാസം മതജാതിഭേദം

അയഞ്ഞു സമ്പൂർണ്ണമൊളിതൂകീ ചേർച്ച.


ലളിതയ്ക്കായില്ലായണയുവാൻ തമ്പിൽ

നിരത്തങ്ങുമുങ്ങി ശകടങ്ങൾ ചത്തു.

കടുത്തതാപത്താൽ വലഞ്ഞെന്നാൽ കുട്ടൻ,

കഠിനമാം നോവായ് ശിരസ്സിനുള്ളിലായ്.


'ത്വരിതമ്മാതാവേ! അകലൂ,' മോൻ ചൊല്ലി,

'ജ്വരം തളർത്തുന്നൂ, എനിക്കുപറ്റില്ലാ.'

'ജനയിത്രിയോതി സുതാ! ഞാൻ പോവില്ലാ, 

നിനക്കുമേലെയായെനിക്കൊന്നുമില്ലാ.'


കുറച്ചു രോഷങ്ങൾ പ്രവാഹമൽപ്പാൽപ്പം,

കുറഞ്ഞുവാരിയും ദിനം ചിരിച്ചെത്തീ.

അകത്തുകിടന്നു പുണർന്നുതമ്മിലായ്,

മകനുമമ്മയും  ജഡങ്ങളായയ്യോ!


യമരാജാവിനേ തടുക്കുവാനാമോ?

നമുക്കുള്ളപ്രിയർ ശ്രമം ചെയ്തീടിലും.

വിരാമത്തിൻ നേരം വരുംവരെയല്ലേ, 

വിരാജിക്കുംബന്ധം തണലാകുന്നതും?


(വൃത്തം-അന്നനട)



Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!