ആറടിമണ്ണ്!
വൃത്തം -കേക
ഈശ്വരവാസമെന്നിൽ
മാനസം ശുദ്ധമാക്കാൻ,
ഈയൊരുജീവിതത്തിൻ
ചാലിനെ നിയന്ത്രിക്കാൻ.
ഈ മഹാഗോളത്തിൻ്റെ
ചുക്കാൻപിടിപ്പൂ ദേവൻ
ഈയുഗം നിർമ്മിക്കുന്ന
മാലിന്യം സംസ്ക്കരിക്കാൻ.
ഈശ്വരൻ നയിക്കുന്നു,
എന്നുഞാനറിയുന്നു,
ഈശവിരൽത്തുമ്പാൽ ഞാൻ
ചലിപ്പൂ യന്ത്രംപോലെ.
പ്രത്യുഷപ്രദോഷങ്ങൾ
വാസരരാവുകളും,
പ്രത്യേകഭാവമെന്നാൽ
സർവ്വവുമേകംതന്നെ.
ജീവിതനാടകത്തിൽ
പലതാം വേഷങ്ങളാൽ
ഭാവപകർച്ചചെയ്തുമാടുന്നു
നാമെല്ലാരും.
വേഷങ്ങൾ മാറിവരും
വേലകൾ വേറിട്ടീടും,
വാദങ്ങൾ വിവാദങ്ങൾ
ഭരണം കൈയേറുന്നു.
സ്മൃതി,സ്മൃതിക്കുറവും
മധുരം, തിക്തതയും
മൃതമായ് മാറും നമ്മൾ
പിണമായ് മാറീടുമ്പോൾ.
ഉയർന്ന ഹർമ്മ്യങ്ങളിൽ,
താഴ്ന്നതാം ചാപ്പകളിൽ,
ഉയിരിന്നുയർച്ചയോ
താഴ്ചയോയില്ലതന്നെ.
സാമ്പത്തിന്നിന്ദ്രജാലം,
ജാതിമതത്തിൻ ഗർവ്വും,
ഉദ്യോഗസ്ഥാനോം കൂട്ടായ്
കാണില്ലന്ത്യമാം നാളിൽ.
എത്രമേലുയർന്നാലു-
മെത്രസമ്പാദിച്ചാലു-
മെത്ര ഹെക്റ്ററുണ്ടേലു-
മന്ത്യമാറടിമണ്ണിൽ.
Comments
Post a Comment