ദൃശ്യം ദൈന്യം
“ കണ്ടുവോ മാലോകരേ! നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും. കിങ്ങിണിപ്പൈതലവൾ സ്നേഹമുള്ളനുജത്തി, കുട്ടിക്കുറുമ്പിക്കുഞ്ഞിയെങ്ങോ പോയൊളിച്ചതോ? വെളിച്ചം മായുന്നയ്യോ! ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം, കുഞ്ഞൻ നോവിനാൽ കേണു. ശാന്തമാമാന്തരീക്ഷം ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ കത്തി ചാമ്പലുമായി. യുദ്ധത്തേരേറ്റീടുന്ന ധാത്രിമാറിലേ ക്ഷതം യുഗ്മമാമക്ഷികൾക്കോ കണ്ടുനില്ക്കാനാവില്ലാ. മിസൈൽ, മിസൈലും തമ്മിൽ പൊരുതി ഭീഷ്മം, മനങ്ങൾ,ലോചനങ്ങളുരുകി ദുഃഖത്താലേ. ആഹാരം യാചിച്ചീടും ബാലർ,വൃദ്ധർ,മൃഗങ്ങൾ, അംഗം പൊട്ടിപ്പിടയും നരർ, ഗർഭിണികളും. സർവ്വം ദൈന്യമാം ദൃശ്യം ദുഃഖത്തിൻ വിളയാട്ടം, സ്വാർത്ഥവീരന്മാരെന്നാൽ അട്ടഹസിപ്പൂ ക്രൂരം. സൈന്യത്തിൻ യുവാക്കളോ ഭൂവിട്ടു നാകംപൂകി, സന്താനം നേതാക്കൾതൻ 'പഞ്ചതാര*ഹോട്ടലിൽ, ...