നന്മനട്ടനാട്!
( വൃത്തം മാവേലി)
പണ്ടൊരു സുന്ദരനാടുണ്ടായി,
നന്മകൾ നട്ടുവളർത്തീ വാർത്താ.
പ്രേമപ്പട്ടിന്നാട നാടിനായി,
പത്രങ്ങൾ നേരിൻറെ നാരിൽ നെയ്‌തൂ.
പത്രമനേകമായ് വാർത്ത പെറ്റു,
പുത്രരെ നന്നായ് വളർത്തി നാടും.
പുത്തൻകാര്യം പത്രഭോജ്യമായി,
പള്ളനിറച്ചൂ വിശപ്പുമാറ്റാൻ.
ഒട്ടുംവിഷമില്ലാ ചേരുവകൾ
നാട്ടുകാർക്കേകീ വിഭവങ്ങളായ്.
നാട്ടിന്റെ കൂട്ടായി മാറീ പത്രം
നന്നായി ക്ഷേമം നോക്കിനടത്തി.
വാർത്തയിലിന്നു കാപട്യമല്ലോ!
പത്രത്തിൽ പാർപ്പു പൊളികൾ മാത്രം,
സത്യത്തിൻ വക്ത്രമൊളിപ്പിച്ചുവോ?
സത്യത്തിന്നെയെങ്ങാൻ കണ്ടോരുണ്ടോ?
വൃത്താന്തം കള്ളഭൂഷയിടുന്നു,
വാസ്തവം പട്ടടയ്ക്കുള്ളിലായീ.
പത്തുപണം കണ്ടാൽ കണ്ണിൽ വെട്ടം,
ചിത്തംകാമിക്കും വൃത്താന്തംനല്കും.
സാമൂഹിക മാധ്യമപ്പടകൾ,
സംഭവം വീർപ്പിച്ച ബലൂണാക്കും
ഇല്ലാവാക്യം മനയാൻ മിടുക്കർ,
പൊല്ലാപ്പേറ്റിക്കൊല്ലും മർത്യശാന്തി.
ഉള്ളിന്നുബോദ്ധ്യമാം നല്ല വാർത്ത,
ഉള്ളതു ചൊല്ലൂ യുവത്വത്തിനായ്.
ജീവനെ കൊല്ലും, വേണ്ടാ പൊളികൾ ,
ജീവനുതുല്യമായ് ജീവൻമാത്രം.
Comments
Post a Comment