ഉയർന്നിടട്ടെ ഭാരതം!


(പഞ്ചചാമരം)

 

സ്വതന്ത്രമായിമാനസം നമിച്ചിടുന്നു മാതയേ

സ്വതന്ത്രവായു തോഷമായ് ശ്വസിച്ചിടുന്നു നാമിതാ.

മഹാനുഭാവർ വാശിയായ് വിയർപ്പൊഴുക്കി രാപ്പകൽ,

മുറിച്ചുമാറ്റിയമ്മതൻ മനം മുറിച്ചശൃംഖലാ.

 

കടുത്തവേല ഭാരതാംബെ കട്ടെടുത്തു അന്യരും

കടുത്തദ്രോഹമേറ്റിടാനനേകജോലി ചെയ്തവർ,

കരംചുമത്തിയേറെയായ് കണക്കറിഞ്ഞതില്ല നാം,

കടത്തിവിട്ടു ധൈര്യമായ് സ്വദേശവീരർ ദുഷ്ടരേ.

 

ഉയർന്നശ്രേണിജോലിയോ വെളുത്തചർമ്മ കർമ്മമായ്,

ഉയർന്നുപൊങ്ങി രോഷവും സവിത്രിതൻ തനൂജരിൽ.

ഉയർത്തിടാൻ സ്വമാതയേ കൊടുത്തിടും സ്വജീവനും,

ഉതിർക്കുവാൻ നിണം പ്രസൂനുവേണ്ടി തയ്യാർ പുത്രരും

 

സഹിച്ചിടുന്നു നീതിചത്ത കാരിയങ്ങളെങ്കിലും

സുവർണ്ണതേൻകണങ്ങൾപോലെയൂറിടുന്നു സ്നേഹവും.

സുരൂപദേശപുത്രരൊക്കെ, ഭാരതാംബസേവനം

സുതോഷപൂർവ്വമേകതയ്ക്കുവേണ്ടിയും തയാറിലായ്.

 

 അസത്യഭാഷണങ്ങൾ നിർത്തി ധർമ്മമൂല്യമേറ്റിടാം,

അസഹ്യമാണസത്യമാം ക്ഷതങ്ങൾ നിങ്ങളേറ്റിയാൽ.

ശിരസ്സുപൊക്കിനിന്നിടാം പ്രപഞ്ചമണ്ണിൽ നിത്യമായ്

ചൊരിഞ്ഞിടാം പ്രിയം പുരട്ടി നന്മയുള്ള ശബ്ദവും.

 

സമർപ്പണം നടത്തിടുന്നു ധീരസൈന്യനായകർ,

സുതാര്യമായസേവനങ്ങൾ വെള്ളിപോൽ തിളങ്ങിടും.

വിളങ്ങിനില്പു ഭാരതാംബ ദീപമായ് ധരിത്രിയിൽ

ജഗത്തിലെന്നുമെന്നുമേയുയർന്നിടട്ടെ ഭാരതം.

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!