ഇന്നത്തെ കുട്ടികൾ !
വൃത്തം-കേക
തിരക്കുതന്നിന്നെല്ലാം ഇന്നത്തെ കുട്ടികൾക്ക്,
നേരമില്ലവർക്കൊന്നും കേളിക്കു കൂട്ടാകുവാൻ.
ചക്ഷുസ്സിൻ വാതിലുകൾ തുറക്കാതെ പൂർണ്ണമായ,
കക്ഷികൾ ഉണരുന്നു പ്രാതകാലത്തിൽത്തന്നെ.
ദിനകർമ്മ പൂർത്തിയിൽ ചുമട്ടുകാരായ് മാറി
ഗ്രന്ഥത്തിൻ വൻ ഭാരവും ചുമക്കും സ്കൂളിലേക്കായ്.
ഒട്ടകതുല്യരായി സ്വന്തംഭാരത്തിന്മേലെ,
ഒറ്റക്കുതിപ്പുവേഗം ഗ്രന്ഥസഞ്ചിയുമേന്തി.
കഷ്ടമേറ്റും പാഠങ്ങൾ ചിത്തത്തിൽ കത്തിയേറ്റും
‘ട്യൂഷൻ’ എന്നപേരിയ് ആധി മുറുകെ പുൽകും.
സായംസന്ധ്യയെത്തണം ഗൃഹസോപാനമെത്താൻ,
ചെയ്തീടുന്നനന്തരം ടീ.വീ. മുന്നിലായ് തപം.
ആദരം, ഭക്തിഭാവം, ഊഷ്മളബന്ധം പോയീ ,
വാദംചെയ്തു കാര്യങ്ങൾ നേടാൻ കുട്ടികൾ കേമർ.
ഫോൺ,കമ്പ്യൂട്ടർ,ടീ.വി. യും ഉറ്റചങ്ങാതിമാരായ്,
പെൺകുട്ടിയാൺകുട്ടിക്കും മനസ്സമൊന്നുപോലെ.
മരമർമ്മരങ്ങളും കിളിതന്നീണങ്ങളും
അരുവിക്കളകളസ്വനങ്ങളുമാന്യമായ്.
ആകാശച്ചരുവിലായ് കണ്ണിറുക്കീനിന്നീടും
തിങ്കളോ താരങ്ങളോ കണ്ണിൽനിന്നകലെയായ്.
മൂല്യാങ്കമധികമായ് നേടാനുള്ളോട്ടത്തിലായ്
മൂല്യങ്ങൾ മറഞ്ഞേപോയ് ആ ചിന്ത ചത്തുംപോയി.
ജീവിതയാഥാർത്ഥൃത്തിൻ വെയിലേറ്റു വാടുമ്പോൾ
ആവിയായിപ്പോയീടും രക്ഷാമാർഗ്ഗങ്ങളെല്ലാം.
അദ്ധ്യാപകവൃന്ദവും മാതാപിതാക്കന്മാരും
ആദരം വളർത്തേ ണം കൗമാരയുവചിത്തിൽ.
നാളത്തെ വാഗ്ദാനങ്ങൾ മേവട്ടെ വജ്രമായി
പാളിച്ചയുണ്ടാകാതെ ലോകസുഖം വരട്ടേ.
Comments
Post a Comment