ആരു വരും മുന്നിൽ?
(വൃത്തം- കേക )
പ്രപഞ്ചത്തിന്റ്റെ പൊരുൾ ചിന്തനം ചെയ്‌തെന്നാലോ,
പരിചോടെത്തും മുന്നിൽ അനേകം വസ്തുക്കളും
വിശ്വാസമുള്ളോർ ചൊല്ലും ഈശ്വരനേറ്റം മുന്നിൽ,
വിശ്വാസരാഹിത്യമോ ദൈവത്തെ നിഷേധിക്കും.
ഇന്നത്തേ ഒന്നാമന്മാർ നാളത്തെ പിന്നോക്കക്കാർ
മാനസേ വിജേതാവിൻ വിഗ്രഹമുണ്ടാക്കേണ്ടാ.
മുൻപിൻ വ്യവസ്ഥയിലും ക്രമങ്ങളും തെറ്റിച്ചും,
മർത്ത്യവർഗ്ഗം ശയിക്കും ധാത്രിതന്നങ്കത്തിങ്കൽ.
മുന്നെയായോടിയാലും പിന്നിലായ് നടന്നാലും
മന്നിനേകുന്നു നരൻ നോവു ക്ഷീരംനുകരാൻ.
വളർന്നുപൊങ്ങാഞ്ഞതോ വേരുകൾ പൊട്ടിയതോ
വിവേകം മനുഷ്യന്റെ ചേതസ്സിൽ പൂവിടില്ല.
ധാരാളം പദാർത്ഥങ്ങൾ പാരിൽ ജീവിപ്പൂ ചിരം,
ഏതാണുമുന്നിലെന്നു നിർണ്ണയംചെയ്യാൻ വയ്യാ.
ആകാശഗംഗയിലായ് അനന്തസംഖ്യയിലായ്
പാകിനിറുത്തി ദൈവം വസ്തുക്കളനേകമായ്.
അനന്തകോടിയിലായ് പ്രകാശവർഷം ദൂരെ
ദിനത്തിൻ നാഥൻ ഭാനു ഭൂമായ്ക്കുദീപസ്തംഭം.
അങ്ങു വിദൂരേനിന്നും സുധാംശു കാട്ടീടുന്നു
ഇങ്ങു ഭൂവിൻ തമസ്സിൽ തീവെട്ടിയായി ജ്യോത്‌ന.
പൊങ്ങിയങ്ങുയരത്തിൽ നിന്നീടും ഗോളങ്ങൾക്കോ
പൊങ്ങച്ചശബ്ദമില്ല പഠനനിഘണ്ടുവിൽ.
ആകാരമൊന്നല്ലെന്നാൽ സരിത്തും സാഗരവും
പുഷ്ക്കരത്തിന്നൊരുക്കും വാസമൊരുപോൽ നൂനം.
സ്വാർത്ഥതയും ,സ്പർദ്ധയും രാക്ഷസരായ് മേയുമ്പോൾ,
വ്യത്യസ്ഥരുണ്ടു ചുറ്റും തമ്മിൽ സഹായികളായ്.
'തത്വമസി' യാശയം ദർപ്പം കൊലചെയ്തിടും,
സത്വഗുണങ്ങളൊക്കെ മുന്നിലെത്തിക്കും നമ്മെ.
ബുധനാം ലോകവാസി 'ലോകാസമസ്താ' സുഖം,
സ്വതവേ മംഗളമായൊരുക്കാൻ കാംക്ഷിച്ചീടും.
അത്യന്തം മുന്നിലെത്തുമവർ തൻ മാനസങ്ങൾ,
സത്യത്തിൽ മനന്തന്നെ സമസ്തകാര്യമുന്നിൽ.
Comments
Post a Comment