ആയിരം നാവുള്ള തീനാളം!
ആയിരം നാവുള്ള തീനാളം!
(കാകളി)
തുപ്പുന്നു ആയിരം തീനാള നാവുകൾ
താപം,വിഷം,പുക 'ബ്രഹ്മപുരം ’പ്ലാന്റി’ൽ
വായുമാലിന്യങ്ങൾ കൊച്ചിനഗരത്തിൽ
ശ്വാസകോശത്തിലായ് വാസംതുടങ്ങുന്നു.
ധൂമപ്പുതപ്പു പുതച്ചതാം പട്ടണം,
സാമീപ്യവാസിയാം മർത്യനേം ദ്രോഹിച്ചു.
സാമാന്യമായ് ചീക്ക ജീവനക്കാർ നീക്കി,
ആമോദമായ് തുഷ്ടി പൂത്തു നഗരത്തിൽ.
“എന്തുകൊണ്ടഗ്നി! നീ ഇത്രയും യത്നിപ്പൂ?
എന്നിവിടംവിട്ടു ദേവലോകം പൂകും ?
‘പോരെ, പിള്ളേർക്കായ് 'ബോർഡി’ൻ പരീക്ഷകൾ?
വേറേ പരീക്ഷയ്ക്കു കോപ്പു കൂട്ടുന്നിതോ?
നിന്നുടെ താണ്ടവം അമ്മയാം ഭൂവിനും
വന്നുചേരും മഹാഹാനി ഉറപ്പായി.
പൊന്നാം വിളകളും വീടുകളും മറ്റും
മന്നിടം മൂകമണഞ്ഞിടും നാകത്തിൽ.”
ഗർഭിണി, കുട്ടികൾ , രോഗികൾ, വൃദ്ധരും,
അർപ്പിച്ചിടും ദൂഷ്യവായുമുന്നിൽ ജീവൻ?
മാലിന്യത്തോതെത്തി നൂറ്റമ്പതിലേറെ
മാന്യം നടിക്കുവോർ കണ്ണുതുറക്കുമോ?
പാവം കുഞ്ഞുങ്ങളേo കഷ്ടം കുരുക്കുന്നു,
ശ്വാസത്തിനായവർ വെമ്പൽ കൊണ്ടീടുന്നു.
മാലിന്യഭീതിയാൽ, ലോകർ ദുഃഖത്തിലായ്,
മാലകറ്റീടുവാനദ്രി കടക്കണോ?
ആകെയെന്തോ മണക്കുന്നൂ ദുരൂഹത,
ലോകർതൻ ദു:സ്ഥിതി കേളിപ്പാട്ടമായോ.
ശുദ്ധമാം ബുദ്ധിതൻ കൈത്തിരിനാളങ്ങൾ
സത്യസ്നേഹന്തൂകി പ്രോജ്വലിപ്പിക്കണം.
കാളുന്ന അഗ്നിതൻ കോപം കെടുത്തുവാൻ
മോളിലേ ആജ്ഞകൾ കാത്തിരുന്നീടണോ ?
ചിന്തകളെത്തണം ചിത്തത്തിലെത്രയും
ചന്തത്തിലാശയം ഉള്ളിലായ് മൊട്ടിടും.
(ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ലാൻറിനെ മാർച്ചിൽ അഗ്നി വിഴുങ്ങിയപ്പോൾ)
Comments
Post a Comment