മാരുതനും മരമുല്ലയും!
മാരുതനും മരമുല്ലയും!
(മണിമഞ്ജരി)
അടവിയിൽ പാർക്കുന്ന വിടപിയോ മൈത്രിക്കായ്,
അടുക്കുവാനായ് ശ്രമം വാതവുമായ്.
അഫലം ചമഞ്ഞു മയക്കുവാൻ പവനനേ
സഫലമായില്ലതു കഷ്ടമായീ.
പരിഭവം തെല്ലുമേ കാട്ടാതെ പാദപം
പരിചോടു മരുത്തിനെ കാത്തിരുന്നു.
പവനനോ പോയി നഗത്തിൻ സമീപത്താ-
യവനെ തെല്ലും ശൈലം ഗൗനിച്ചില്ലാ.
പ്രഥമമായ്ക്കണ്ടോരു പാദപത്തിൻ വ്യഥാ,
പതിയേയവനോർത്തു, ശോകമായീ.
അവനങ്ങ കന്നുപോയ് നില്ക്കാൻ വയ്യവിടെ,
പവിഴമാം മലരിൻ്റെ കാടുതേടി.
ലതകളും മോദത്താൽ ചിരിച്ചുംകൊണ്ടു നിന്നൂ,
അതിമോദമായ് കാറ്റു കൈ കുലുക്കീ.
ചെറുതാം ചെടികളും 'ഞാൻമുന്നേ ഞാൻമുന്നേ'
പറഞ്ഞു വായുവിൻചാരേ ചരിഞ്ഞൂ.
ഒരുതരം മരമുല്ലയവിടെക്കുടികൊണ്ടൂ,
ധിറുതികാട്ടാതവൾ കാത്തുനിന്നൂ.
പരമമായവളുടേ ഗന്ധം ചോർത്താൻ വെമ്പി,
അരുമയായ് വായുവിൻ നാസികയും.
അനിലൻ്റെ ഹൃദയവും മുല്ലതൻ സൗന്ദര്യം,
അതികൗശലത്തോടങ്ങൊപ്പി നിന്നൂ.
അനിലൻ്റെ സൗഹൃദംകാരണം സസ്യങ്ങൾ
അവനെ മുല്ലയുടെ വേളിയാക്കീ.
അവനുടെ സുഹൃത്തൊരു തരു ചൊല്ലി വേദവും,
അവരെ നോക്കീ മുകിൽ ചേറി പനീർ.
കിളികളും ഭൂപാളം സദിരിട്ടു മധുരമായ്
കളകളം പുഴപാടി മധുര ഗാനം.
ഇരുവരും ഗീതികൾ കൈകോർത്തു പാടുമ്പോൾ
മരമുല്ല നാണത്തോടേ കഥിച്ചു,
"ദിനത്തെ ദിനകരൻ പ്രേമിച്ചിടുമ്പോലെ,
മനസ്സുകൾ ചേർത്തു ഘോഷിക്കും നാമും."
പ്രിയനായ വായുവോ പുൽകും വേറേലതാ,
പലതുമുണ്ടു പാവം മുല്ലയജ്ഞ.
പലരും ചമഞ്ഞീടും ഭാവം മാന്യർപോലെ,
പലരെയും വഞ്ചിച്ചു മുന്നേറീടും.
ചതികളേ നുള്ളണം മൊട്ടുരൂപത്തിൽത്താൻ,
കുതികാൽ വെട്ടുന്നോരും ചുറ്റുമുണ്ടാം.
സകലരും ചിന്തിക്കു രണ്ടു വട്ടം സർവ്വ-
മകലം പരീക്ഷിക്കാം വേണ്ടിടത്തായ്.
അഫലം =വൃക്ഷം
Comments
Post a Comment