തൂലികകൾ തോക്കുകൾ!

(വൃത്തം-ഉന്നത)


മർത്യലോകം വാക്കുമൂലം 

        സ്മേരം കാട്ടി വിഭിന്നമായ്,

കൃത്യമായി നിന്നീടുന്നു  

    സർവ്വതിനുമുപരിയായ്.

അക്രമങ്ങൾ കുരുക്കുന്നു 

        മാനുഷന്റെ മാനസത്തിൽ 

വിക്രമത്തിൻ പ്രകടനം,

      പടരുന്നു  'വൈറസ്സു'പോൽ.


ചിന്താശക്തിയേറെയുണ്ടെ-

        ന്നഭിമാനം ധാരാളമായ് 

ചിന്തതുള്ളും ചിത്തമെല്ലാ-

         മലങ്കോലം സദാനേരം.

ചക്രവർത്തിയെന്ന തോന്നൽ  , 

       ഗർവ്വമുണ്ടു ചങ്ങാതിയായ്,

ചക്രത്തിൽ  കറങ്ങീടുന്നൂ 

    അധികാരം പിടിക്കുന്നൂ.

       


ചതുർയുഗകാലങ്ങളിൽ 

       കൃതയുഗസത്ത ശാന്തി 

ത്രേതായുഗേ ദ്വാപരേയും, 

        കേട്ടൂ യുദ്ധകാഹളങ്ങൾ.

കലിയുഗം സമാധാനം

   പിഴുതീടും  സമൂലമായ്,

കാലം കെട്ടു, ദൂഷണങ്ങൾ 

  ഹൃദി  വന്നു പാർപ്പുമായി.


സംഗ്രാമത്തിന്നായുധങ്ങൾ  

        വെടിക്കോപ്പും ബോംബുമല്ലോ ?

സംയമനത്തൈലമല്ലോ

        അക്ഷരവും വാക്കുകളും.

 ഗാത്രത്തിന്നും മനസ്സിന്നു-

       മായുധം ഹാനിയേകുമ്പോൾ

 സുതാര്യമാം തൂലികക-

    ളുണർത്തുന്നു ചേതനയെ.


അക്ഷരങ്ങൾ ശക്തമായി

           സമൂഹത്തിൽ തീപ്പൊരിയായ്,

ദാക്ഷിണ്യമെത്താത്ത കോട്ട-

        യിടിച്ചു  നിരത്തീടട്ടെ.

തകഴി, കുമാരനാശാൻ, 

     ചങ്ങംപുഴ, വയലാർപോൽ,

  അനേകം മനീഷിവ്യൂഹം,

     മനഞ്ഞൂ 'മൈൻ, ഡ്രോണു'കളും.


ചമത്ക്കാരവാക്കിൻ കത്തി

      ചമച്ചു ഫലപ്രദമായ്

കുത്തിമുറിച്ചനീതിതൻ 

      മാറു കീറീ  കാട്ടീടുവാൻ.

  *അക്ഷരഫലകം, പേന, 

         പദങ്ങളെ ജനിപ്പിച്ചാൽ  

ആയുധത്തിൻ  മീതെയായി   

          പൊരുതീടും  ശക്തമായി.


യുദ്ധങ്ങളെ മുളപ്പിക്കാൻ 

       പൂർണ്ണമായി മുറിക്കാനും

ശ്രദ്ധയായക്ഷരമാല 

    കൊരുക്കുന്നെഴുത്തുനാഥർ.

പദപ്പൂമാലകൾ കോർത്ത്‌

      സമൂഹത്തെ ധരിപ്പിക്കും,

നിനവിനുന്മേഷമേകി-

    യുണർത്തിവിടും.  

     


സാഹിതികളെത്തിടേണം

      അനിതിതൻ സിംഹാസനം,

 പൊളിച്ചു കളക വേണ-

മില്ലെങ്കിൽ  വിപത്തായ് മാറും.

കില്ലുവേണ്ടാ  അക്ഷരങ്ങ-

     ളായുധത്തിൻ മീതെതന്നെ,

നല്ലസാഹിത്യം  വായിച്ചാൽ,   

       കൊലചെയ്യാമക്രമത്തെ. 


*അക്ഷരഫലകം =കീബോര്ഡ് 

ആയുധത്തിൻ  മീതെതന്നെ=A pen is mightier than a sword

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!