ഭാഗ്യത്തിൻ സന്ദർശനം!
(കേക)
കുടിലാം വീടുകളിൽ ഭാഗ്യത്തിൻ സന്ദർശനം,
അടിച്ചു കോടിതന്നെ ഭാഗ്യക്കുറി, വാഴ്വായി.
കാട്ടിൽപ്പോയ് മരംവെട്ടി മില്ലിനേകും യുവാക്കൾ,
കൂട്ടുകാർ നാലാൾ ചേർന്നു ഭാഗ്യടിക്കറ്റെടുത്തു.
കൗശലത്താലീക്കൂട്ടർ ഇല്ലായ്മ,ചെയ്തില്ലായ്മാ,
കാശുകാരെന്ന പേരും നാടിൻ നാവിലുദിച്ചു.
ആശകളന്തരീക്ഷം ഭേദിച്ചാകാശമെത്തി,
കീശകൾ ചോരുന്നത് ശ്രദ്ധയിൽ പെട്ടുമില്ല.
പുതുസുഖം പുണർന്നു മദ്യം, മദിരാക്ഷിയായ്,
പതിയേയിരുപാദം നാലുപാദങ്ങൾപോലായ്.
ആവിയാക്കി സമ്പാദ്യം കീശകൾ കാലിയായി,
ആവശ്യം നിറവേറ്റാൻ മിത്രങ്ങൾക്കാകുന്നില്ലാ.
ദാരിദ്ര്യമഞ്ചാമനാം ചങ്ങാതിയായ് ചമഞ്ഞു,,
പോരുചെയ്തു മാനസം, ഹൃദന്തം തമ്മിൽത്തമ്മിൽ.
ഒക്കത്തിരിക്കും പൈതൽ പശിയാൽ വലയുന്നു,
ഒക്കില്ലൊന്നും തുട്ടില്ലാ മനം വിതുമ്പി മൂകം.
സാവകാശം ചിത്തത്തെ ബോധമുണർത്തിവിട്ടു,
സാധനചെയ്തു സ്വയം മൂല്യത്തിൻ മൂല്യം കൂട്ടാൻ.
പണ്ടത്തേ ജോലി ചെയ്യാൻ മഴുവേന്തി കൈകളിൽ,
"പിന്നെയും മൂഷികസ്ത്രീ മൂഷികസ്ത്രീയായ്' വന്നു.
അധികസ്വത്തിൻ ബലം ലോകസ്വഭാവം മാറ്റാം,
അഹങ്കാരക്കുപ്പായം ധരിക്കാം മർത്ത്യൻ ഭൂവിൽ.
കാലംമാറിവരുമ്പോൾ കോലവും മാറിവരാം.
കാലെക്കൂട്ടിവസ്തുക്കൾ ചിന്താവീഥിയിൽ വയ്ക്കൂ.
മഹിമാഗാത്രേ ചിലർ ദൂഷണബാണമെയ്യും
മഹിതന്നിൽ പ്രയാണം ആരുണ്ടു പ്രവചിക്കാൻ!
പുറത്തെസ്നേഹനാട്യം മർത്ത്യൻ കാട്ടും കാപട്യം,
പുറന്തോടു കീറിയാൽ വഞ്ചനാമനം കാണാം.
ദിനങ്ങൾ മാറിവന്നാൽ കുടിലാകാം കൊട്ടാരം
പണവും പട്ടിണിയും കൂടെപ്പാർക്കില്ലാ സ്ഥിരം.
കഷ്ടപ്പാടേകും ധനം സ്വേദക്കഥപറയും,
പാടുപെടാത്തപണം വന്നപോലൊലിച്ചുപോം.
പദ്ധതിതയ്യാറാക്കി കാര്യങ്ങൾ പോക്കീടുകിൽ
ഉത്തരമില്ലാപ്രശ്നം എത്തിനോക്കാൻ വരില്ലാ.
കതിരായെല്ലാം കൊയ്യാം കൃത്യം കൃതം ചെയ്തീടിൽ,
പതിരായ് മാറും ഫലമാലസ്യം കൂട്ടായ് വന്നാൽ.
Comments
Post a Comment