ശ്രീകൃഷ്ണാ! കേശവാ ! വാഴ്‌വോടെയെത്തണേ!



            (വൃത്തം-ശ്ലഥകാകളി)



ശ്രീകൃഷ്ണാ! കേശവാ ! വാഴ്‌വോടെയെത്തണേ,

 സാകൂതം  ഞങ്ങൾതൻ കേളിയിൽ  ചേരുവാൻ. 

നിൻ  വരവോ  നിത്യം    ഭാഗ്യം  വിളമ്പുമേ 

വന്നു നീ ചേലോടെയാടിടൂ    ശ്രീപതേ ! 


പുണ്യദിനങ്ങളെ   പൂർണ്ണമാക്കീടുവാൻ, 

 പെണ്ണുങ്ങളാതിരക്കേളി ചമച്ചിടും.

ചുറ്റിനും  വൃത്തത്തിൽ നെയ്തീടും  നാരികൾ,

ചുറ്റുവട്ടപ്പാത  ചിട്ടയായ് പാദത്താൽ.  


ആയർകുമാരന്മാർ  കൂട്ടത്തോടെത്തീ ടും, 

ആയില്യംകാവിൽ   കോലക്കുഴൽ കേൾക്കുവാൻ.    

 രാധയ്ക്കായ്   ഭൂപാളം വേണുവാദ്യത്തിൽ  നീ 

രാവിലേ  കംസാരേ !  നെയ്യുന്നു   ഭേഷായി!


രാധയേ   ആതിരക്കേളിയിൽ കൂട്ടാമോ!

രാഗാർദ്ര ഗീതിക മുദ്രകളാക്കുവാൻ .

രാവും  രോദിക്കും   നിൻ സാമീപ്യമില്ലെങ്കിൽ,  

രാധികയെത്തുമോ പക്ഷം ചേരാൻ ഹരേ!


താളത്തിൽ  കൈകൊട്ടി മേളിക്കാം വ്യൂഹമായ്,

മേളത്തിൽ  രാഗത്തിൽ ഗാനം പൊഴിക്കേണം. 

ആഴമായ്   സർവ്വരുമാശ്വസിച്ചീടട്ടെ! 

ആഴാതെ  ദുഃഖത്തിൽ,  വാണിടാം തുഷ്ട്യാ. 


കൃഷ്ണ കൃപയ്ക്കായി  പെൺഗണം   പൊൻകണി,

തുഷ്ടിപൂർവ്വം  വയ്ക്കും   മേഷപ്പുലർച്ചയിൽ.  

  കൃഷ്ണ!നീയെത്തുന്ന നേരത്തു കേശവാ!  ,

 വൃഷ്ടിയുമെത്തുന്നു കൂപ്പീടാനീശനേ.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

കളിവിമാനം!