കൂടൊന്നു കൂട്ടുവാൻ!
ഒരുതരം പക്ഷി കൂടൊന്നു കൂട്ടുവാൻ,
*അരിയ തേന്മാവിൻ കൊമ്പത്തു ചേക്കേറി.
മലമുകൾത്തട്ടിൻ തെങ്ങോലനാരുകൾ
പലവേളതാണ്ടിയെത്തിച്ചു മാവിലായ്.
ചെറിയചുണ്ടുകൾ ഹൃദ്യമായ് ചേർത്തവൾ
കുറിയ കൂടിൻറെ കീഴ്ഭാഗം നെയ്തല്ലോ.
പതിയെയുൾഖൺഡം പൊള്ളയാക്കി ഖഗം
പുതിയ നീഡത്തെ പൂരിതമാക്കുവാൻ.
മരമതിൽ തൂങ്ങി നിന്നിടും പഞ്ജരം,
കരുതലായ് പക്ഷി നോക്കീ, രസിച്ചു ഹാ!
കനവു കണ്ടുറങ്ങി സ്വന്തം കുഞ്ഞിനേ,
തനുവുമാകെയായ് കോരിത്തരിച്ചുപോയ്.
അരുമയായേറെ മുട്ടകളിട്ടതിൽ,
തെരുതെരെത്തന്നെ ശ്രദ്ധയുമേകിയാൾ.
അരുവിതന്നിലെ പൂച്ചെടിപക്വങ്ങൾ,
അരികിലായ് വച്ചൂ സ്വന്തം തനൂജർക്കായ്.
വിരിയുമണ്ഡങ്ങളേ നോക്കി സ്നേഹമായ്
പരിചോടു പത്രി രക്ഷണവുമേകീ.
പറകവേണ്ടല്ലൊ! മാതാവിന്നാനന്ദം,
പ്രസുവെന്ന ദിവ്യപ്പട്ടം ലഭിക്കയാൽ.
കളികളിൽ മുങ്ങി കുട്ടികൾ മേളമായ്,
കിളിശിശുക്കൾതൻ കേളി രസിച്ചു മാ,
പെരിയതാം തുഷ്ടി പേറിയാ മാതാവും,
ഒരുദിനം പക്ഷെ മക്കൾ പറന്നുപോയ്.
Comments
Post a Comment