കവനജനനം
(കളകാഞ്ചി)
കവിഹൃദയമൊരു വനിക, ഗർഭാശയന്തന്നെ,
കാവ്യചോരക്കുഞ്ഞിൻ ജന്മത്തിൻ പാത്രംതാൻ.
ഒരുചെറിയജനനമതു രൂപമോ പദ്യമായ്,
പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.
പരിചൊടണയുവതു പകലോൻറെ സുദീപ്തികൾ,
പാറിവരും വായു ധാത്രിയെ ചുറ്റുന്നു.
പതിവിനെതിരുപണിയുകയില്ല പങ്കേരുഹം,
പാതിയുണർന്നവൾ കൈകൂപ്പിടും മെല്ലെ.
പതിയെ മിഴി തടവി പരിതുഷ്ടിയും കാട്ടുന്നു,
പ്രദ്യോതനൻ പ്രിയൻ പ്രേമം നടിക്കുന്നു.
പുലരിയിൽ മൃദുലചലനമതു ചെയ്തു നില്പതും
പാരുതൻ ഭൂഷണമായവൾ ശോഭിപ്പൂ.
കനിവൊടൊരു നടനകൃതവും മയൂരം കാലിൽ,
കാത്തുവയ്‌പ്പൂ സർഗ്ഗസൃഷ്ടികർത്താവിനായ് .
കരുതിവരുമനിലനുടെ മന്ദമാം താളങ്ങൾ,
കാവ്യകാരന്മാർക്കു ഹൃദ്യമാം തന്തുവാം.
കരൾ നിറയെ കവനപദമൊഴുകും, പാർക്കുവാൻ,
കാട്ടിലായ് പായും പ്രവാഹം കണക്കായി.
കവിയുടെകഴിവുകളുണരും ഹൃദയത്തിലായ്
കാവ്യം സ്ഥിരം ചിത്തിൽ ശോഭിതമായിടും.
ഒരുനവയുറവയുടെതരമൂറിടും വാക്കുകൾ,
കാവ്യപാദങ്ങളായെത്തും വിരൽത്തുമ്പിൽ.
തിറമൊഴുകി നിരനിരസമാനമായ് കവിതകൾ,
സ്വർണ്ണസമാനമായ് മൂല്യവത്തായിടും.
ഒരുചെറിയ കവനജനനം സംഭവിക്കുമ്പോൾ
താരമായ് മാറുന്നു അക്ഷരമിത്രങ്ങൾ.
ഒരുതിരി നിറവൊടു കരളിൽ തെളിക്കും കവി,
കാര്യമായ് തൻകുഞ്ഞു കാവ്യമായ് മാറുമ്പോൾ.
Comments
Post a Comment