ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

 

ദുര്യോധനനേ മാടിവിളിപ്പൂ

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം.

ഭൂഷകളെത്തീ രാജനുവേണ്ടീ,

ഭേഷായ് വേഷമണിഞ്ഞൂ ഭൂപൻ.

 

പട്ടിൻ നൂലിൽ നെയ്തൊരു ചേലാ,

ഒട്ടൊരു ഭംഗിയിൽ ദേഹത്താക്കീ,

നെറ്റിക്കുറിയും ചന്ദനവരയും

പറ്റെ ചേർത്തൂ ഫാലംതന്നിൽ.

 

സ്വയമായ് ഗർവ്വത്തോടേ മൂല്യം,

സുന്ദരനെന്നൊരുഗ്രേഡുംനല്കീ.

അരുണനുമെത്തീ ചെയ്തവർ ഗമനം,

അരിയഗൃഹത്തിൻ പണികൾ നുകരാൻ,

 

അഴകിയരാവണനനുജർക്കൊപ്പം,

അഴകായ് പാണ്ഡവസന്നിധി പൂകാൻ,

അഗ്രജനഗ്രേയനുജർ പിറകേ,

അണിയണിയായി തേരിലുമേറീ.

 

ബന്ധുജനത്തിൻ സ്വീകാരങ്ങൾ,

ബന്ധിച്ചവരേ സ്നേഹത്തോടേ.

കൊട്ടാരത്തിൻ സൗന്ദര്യങ്ങൾ ,

കണ്ണിൽപ്പെട്ടൂവിസ്മയമായീ.

 

പൂമുഖമേറീ കൗരവർ തൂർണ്ണം

പൂശിയസൂയാ വദനേ മൗനം.

വശ്യം തറയിൽ ചില്ലിൻ പാളികൾ,

വെള്ളംതന്നേഅതിഥി നിനച്ചൂ.   

 

നിറവിൽ ജലമായ് തോന്നിയമൂലം

തറയതു സ്പർശിച്ചില്ലാ വന്നവർ.

ഉടുവസ്ത്രത്തെയുയുയർത്തി വേഗം,

അടിവച്ചപ്പോൾ കണ്ണാടിയാണേ.

 

തൊട്ടങ്ങുള്ള തളത്തിൽ സ്ഫടികം,

പടിയിൽ ചുവടുകൾ വച്ചൂ  ദ്രുമമായ്.

 കൗരവർ നീരിൽ വീണൂ ' പ്ളും പ്ളും'.

കാഴ്ചക്കാരോ ചിരിയിൽ മുങ്ങീ.

 

കൗരവരാജനു നാണക്കേടായ്,

കാര്യം മനമേ ജളത നിറച്ചൂ.

ദ്രൗപതിതന്നുടെ ഹസനം പൊങ്ങീ  

ദുർജ്ജയനകമേ കോപം വന്നൂ.

 

പരിഹാസത്തിൻ മുള്ളുകളുള്ളിൽ,

നിറഞ്ഞു പിന്നെ പോരു പിറന്നൂ.

അഹമാം വൈരി മനുഷ്യഗണത്തേ

അളവില്ലാത്ത കയത്തിൽ തള്ളും.

 

(വൃത്തം- തരംഗിണി,

തംതം  തംതത തതതം തതംത തതതത)


Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!