മാരുതി സീതാസവിധേ
(വൃത്തം -കാളകാഞ്ചി)
കഥകളതു ധരതനുജയോടു ചൊല്ലീടുവാൻ,
കാറ്റിന്റെ പുത്രൻ പറന്നെത്തി ലങ്കയിൽ.
അരിയതരമൊരുസമയമുചിതം തിരഞ്ഞിടാൻ,
അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചവൻ.
ഒരുശിഖരമവനുടനെ സ്വന്തമാക്കീ തുലോം,
ആരുമേകാണാതിരുന്നു നൽഗോപ്യമായ്.
ദശവദനകനവിലിത ജാനകിമാത്രമായ്,
ദർശനഭാഗ്യത്തിനായ് തേടി പൂവാടി.
ദശമുഖനുമുടനെയണയാനായ് പുറപ്പെട്ടു,
ദാസ്യഭാവത്തിലായ് കേണോരു പാവമ്പോൽ.
ദുരിതമവനനുഭവമതുണ്ടെന്നു ഭാവിച്ചു,
ദൈന്യത വക്ത്രത്തിൽ ചാലിച്ചുചേർത്തവൻ.
മിഴിയിതളിൽ മണിയുതിരുവാൻ വന്നു സീതയിൽ
മാനസം മെല്ലേത്തടഞ്ഞു കണ്ണീരിനെ.
മനമുരുകി കണവനെയുമോർത്തവൾ പ്രാർത്ഥിച്ചു,
മാനത്തു നോക്കിയിരുന്നു ശ്രീവൈദേഹി.
മഴമുകിലുമമൃതമൊഴുകാൻ സമ്മതിച്ചില്ല,
മൈഥിലീദേവിയേ ആർദ്രമാക്കാൻ മടി.
വിടുക കൃതമതുവിഫലമാണെന്നു ചിന്തിച്ചു,
വേഗം സ്ഥലം കാലിയാക്കി പൗലസ്ത്യനും.
തരുശിഖരമഭയമുടനേയൊഴിഞ്ഞനിലജൻ,
താഴെയായ് ഭൂവിൻമടിത്തട്ടിലേക്കെത്തി.
പവനസുതനതുപൊഴുതു ഭൂമിജതൻ മുന്നിൽ,
പെട്ടെന്നു വൃത്താന്തമെല്ലാമുണർത്തിച്ചു.
Comments
Post a Comment