ചിരിയിൽ നീന്തിയാൽ
(നിർഝരി)
ഭൂതധാത്രിതൻ ഹാസപ്പൂവുകൾ,
ഭാതകാലത്തിൽ പാകും ഗന്ധവും.
ഭൂമിമാതതൻ പുഞ്ചിരിസ്സുമം,
ഭൂഗൃഹത്തിലെ വർണ്ണഭൂഷണം.
വേഷങ്ങൾ മാറി വന്നിടും ചിരി
ഭാഷമാറിയാൽ പരിഹാസത്തിലാം.
മേഘമൊക്കവേ ഹാസമെത്തിയാൽ,
മാഞ്ഞു, മാനം തെളിഞ്ഞു നിന്നിടും.
ചുണ്ടിലൂറിടും ഫലിതയുക്തികൾ
തേൻകണംസമമൊഴുകി വന്നിടും,
മാനസങ്ങളിൽമധുനിറച്ചിടും,
ഹീനചിന്തകൾ ബാഷ്പമാക്കിടും
സ്മേരമിന്നതമൂല്യവസ്തുവായ്,
നേരമില്ല മന്ദസ്മിതത്തിനും.
ജീവനിൽ സ്മിതം ചേർത്തുനിർത്തിടാം.
ജീവഭേഷജം ദു:ഖവേളയിൽ.
പുഞ്ചിരീബലം നിത്യമത്ഭുതം,
നെഞ്ചിലേറ്റിയാൽ ഭീതി മങ്ങിടും.
അർക്കരശ്മിതൻ സ്മേരദീപനം,
ആർക്കുമെ വരും പീഡയിൽ തണു.
മിത്രം, മുഗ്ദ്ധമാം പ്പുഞ്ചിരിപ്പൂക്കൾ,
മിത്രതാതലമുയരും ഫുല്ലമായ്.
നേരമ്പോക്കിനായ് നർമ്മഭാഷണം,
നേർമ്മയിൽ വരും മന്ദഹാസങ്ങൾ.
ഹാസ്യഭാവങ്ങൾ ചിരിമുളയ്ക്കുവാൻ
ഹാജരായിടും വളമതായിടും.
വക്ത്രകാന്തികൾ പൊന്തിടാനുമായ്,
വേണ്ടലേപനം പൂശുക, സ്മിതം.
തുഷ്ടിയേകുമേ തൂമന്ദസ്മിതം,
തോഷചുംബനം ഹൃത്തിനേകിടാം,
പങ്കമോടിടും ചിരിയിൽ നീന്തിയാൽ,
പുത്തൻ മമതകൾ പുല്കിടാൻ വരും.
Comments
Post a Comment