ആദ്യാക്ഷരങ്ങൾ!
(വൃത്തം-നിർഝരി)
ത ത ത തം ത തം തംതതം ത തം
ത ത ത തം ത തം തംതതം ത തം
അറിവിനായതാ ക്ഷേത്രം തന്നിലായ്,
അമൃതമായ് ‘ഹരിശ്രീ’കുറിക്കുവാൻ,
അമിത ഭക്തിയിൽ ശിശുവിനായ് ദൃഢം,
അതിവിശുദ്ധമായർത്ഥിച്ചൂ നരൻ,
“അരിയയക്ഷരം നിറമേറെ ചാർത്തി,
അരികെയെത്തണേയെൻ കുരുന്നിലായ്.
അകമെയുള്ളതാമജ്ഞതാ ശില,
അകലെയാക്കണേ തള്ളിമാറ്റണേ.
അരുമയായി വിജ്ഞാനവല്ലികൾ
അതിവിശാലമായ് വളരണേ വാണി!
അതു മാതെ! വശ്യം പടരണേ കുഞ്ഞിൽ,
അതിനുവേണ്ടി നീ ചൊരിഞ്ഞിടു കൃപാ.
അവനു നല്കണേ ഗ്രാഹ്യനൗകയും,
അനുഭവക്കടൽ ലളിതം തുഴയുവാൻ.
അലസകാര്യത്തിൽ വേണ്ടാ മിത്രതാ
അധികപാടവം പാകനായ് നല്കു.
അണയണം സത്തു നിറയും വാക്കുകൾ
അംഗുലീയത്തിൽ രുചിരമായ് മായെ!
അനല്പതരമായ് രമ്യവർണ്ണവും
അകമെ ജിതശ്രമം ജനിക്കണേ വിദ്യെ!
അവശ്യമേകണേ ആശയം മുദാ
അവനിലുണരണേ തായെ!ഊർജ്ജവും.
അവനിതന്നിലായ് താരമാകണേ,
അരുതിനേയൊക്കെയകറ്റൂ ശാരദേ!
അഭിരുചിയ്ക്കുമായേകിടൂ തുണാ,
അമ്മെ! നല്കണേ നിൻ കരം വരം.
അമ്മതൻ തണൽ കുട്ടിക്കേകണേ,
ആശയക്ഷീരമൊഴുകണേ ഹൃത്തിൽ.
അലിവിൻ മധുരിമയൂറണേ കുഞ്ഞിൽ
അനുഗ്രഹത്തിനും പാത്രമാക്കണേ.
ആഗ്രഹം ആര്യെ! സാധ്യമാക്കണേ
അംബികേ! മായെ! ആശ്രയമേകൂ.
Comments
Post a Comment