മോഹനമോഹം
(വൃത്തം - മാധുരി)
(ഉദാ: ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ)
സുവർണ്ണമായൊരു മോഹംപൂത്തൂ
മുങ്ങീ ഞാനതിലായ്.
സുഖദം സുന്ദരമായൊരു സ്ഥാനം
മാടിവിളിക്കുന്നൂ.
മുഴുവൻ വയലുകൾ ഹരിതം ചൂടീ
മലർന്നുശയനത്തിൽ.
മിഴികൾ മടങ്ങുംസൂചനയില്ലാ
മോഹനദൃശ്യങ്ങൾ.
പൂർവ്വാചാരശ്രദ്ധയിൽ മാളിക
ഗർവ്വായ് നിൽപ്പാണേ,
പിന്നിൽ, നടുവിൽ നീളേ മുറ്റം
നടുമുറ്റോമുള്ളിൽ.
മാലേയത്തടികൊത്തിമിനുക്കിയ
പീഠമിരിപ്പുണ്ടേ.
മനോജ്ഞമായങ്ങാടാൻ കട്ടിൽ
പൂമുഖയങ്കത്തിൽ.
ഏറെക്കാണാം സുഖസൗകര്യം
സർവ്വം മോഹനം
കുറവുകളെല്ലാം വളരെക്കുറവും
വല്ലായ്മയുമില്ലാ.
രുചിരം രുചികരമായൊരുവാടിക,
കൈ കാട്ടീടുന്നൂ.
രസനംപോൽ പൂ ചൂടിയസസ്യം
തിളങ്ങിനിൽക്കുന്നൂ.
ഖഗങ്ങൾ നീളേ പാടീയീണം
നാഗം തലയാട്ടീ,
നാഗസ്വരവും മീട്ടീ വാതം
വൃക്ഷം ചാഞ്ചാടീ.
നറുമലർ നുള്ളാൻ കൈനീട്ടീഞാൻ
ദേവതവന്നോതീ,
"അരുതേ മലരുകൾ നുള്ളുകയരുതവ
ചെടിക്കലങ്കാരം."
ഒഴുകീടുന്നൂ അരുവിയിലാഹാ!
പീയൂഷം നീരായ്,
പുഴകളിൽനിന്നും കുതിച്ചുചാടും
ജലവും, ക്ഷീരംപോൽ.
കുടങ്ങൾ നിറയേ നീർ ഞാൻ കോരീ,
ചേറീയവിടെല്ലാം,
ഓടിപ്പോയൊരു ദേവതയോതീ,
“അമൃതമെടുക്കല്ലേ.”
അവരുടെ നാദം വളരെപ്പൊങ്ങീ
ഭീതിയിലായീ ഞാൻ,
അവിടം വിട്ടൂ ഞാനോടിപ്പോയ്;
അയ്യോ! ഞാൻ വീണൂ.
കനവുകൾ ഞാൻ കണ്ടിന്ദുവിൽ വാസം;
ഞാനതിലാറാടീ,
കനവിൽ വീണൂ താഴേക്കായീ
വിട ചൊല്ലീ നിദ്രാ.
Comments
Post a Comment