മാധുരിയണയാനായ്
വിഷയം തേടി വിഷമിപ്പൂ ഞാൻ മാധുരിയണയാനായ്,
വഷളായ് ചിന്തകളെങ്ങോ പോയി ചുറ്റിയടിക്കാനായ്.
വിഷയം കണ്ടൂ, കൈകോർക്കുന്നു കാവ്യപാദവുമായ്,
വിഷയസുഖം, പൊരുൾ, ഉൾക്കാമ്പൊത്തതു തിരുവാതിരയാടാൻ.
വിഷമൻ, ബ്രഹ്മൻ,പെരുമാൾ, ഗണപതി, സ്കന്ദൻ, അയ്യപ്പൻ,
വിദ്വാൻ,ജ്ഞാനം,പഠനമിതെല്ലാം ചിന്തനപാത്രങ്ങൾ.
വിഷദം*, വാരികൾ, ചന്ദ്രൻ, താരകൾ ഗോപുരവാസക്കാർ,
വിരിഞ്ഞു നില്പൂ കണ്ണിൻ മുന്നിൽ ഹൃത്തുകൾ ചോർത്തീടാൻ.
കവലകൾ കണ്ടൂ, റോഡുകൾ താണ്ടീ, ഗമനം ഗഹന*ത്തിൽ,
കവിതകൾ നെയ്യാൻ ഗോളം മൊത്തം സത്തിൻ നിറവല്ലേ!
കാല്യം കല്യം* വന്നീടും ഹാ! തങ്കവിളക്കേന്തീ,
കമലകുലങ്ങൾ കാക്കുവതുണ്ടേ ബാലൻ ഭാസ്വാനെ.
ചുറ്റിനുമോടിനടന്നേ നോക്കി കാഴ്ചകളോയേറേ,
ചരിഞ്ഞുനോക്കുക കാകൻതന്നുടെ ശീലമതാണല്ലോ,
ചക്കിപ്പരുന്തും ഇരകൾ തേടാൻ പാറുന്നുണ്ടവിടായ്,
ചത്തുകിടക്കും ജീവികളുണ്ടേൽ പെരുത്തസന്തോഷം.
ചിത്തം പെട്ടു വനത്തിന്നുള്ളിൽ ഗുണങ്ങൾ പുല്കീലോ,
ചന്തംപേറിയുലാത്തുന്നവിടായ് ആഞ്ഞിലിതൻ ശാഖാ,
ചന്ദനവൃക്ഷം സുന്ദരനായി സർവ്വം ദർശിപ്പൂ,
ചിറ്റിമ്പ*ത്തിൽ മുങ്ങീടുന്നൂ ശ്രദ്ധയിലെൻ നിനവും.
അധികം ദൃശ്യങ്ങൾ ഭക്ഷിച്ചു മിഴികൾ ദൂരെ പോയ്,
അതിദുരിതത്തിൽ മുങ്ങീടുന്ന കുടിലുകളും കണ്ടൂ.
അനുപമമായിയനുഭവമവിടെ തെല്ലും കിട്ടീലാ,
അതിരുകളേറെ തുഷ്ടികൾ വിടരാൻ, ക്ലേശം വിളയാടി.
ധരിത്രിയിലില്ലയിടങ്ങളൊന്നും സർവ്വം ക്ഷേമത്തിൽ,
ധരമാതാവിൻ കാരുണ്യത്താൽ പലതും ലഭ്യമതാം.
പ്രധാനിയെന്നു നടിക്കും നരർക്കു കിട്ടില്ലാദരവും,
പ്രഥമസ്ഥാനമെളിമകൾ നേടും സംവരണംതാനേ.
പലതും കണ്ടും കേട്ടും നിനവുകൾ ചേക്കേറി വാക്കിൽ,
പലവരിരാജികൾ പൊന്തീ വാക്കിൽ, വിഷയം കുട ചൂടീ.
കവനം വിരിഞ്ഞു കാവ്യപ്പൊയ്കയിൽ തലപൊക്കി നിന്നൂ,
കനിവൊടു കൂടെക്കൂടണെ യാത്രയിൽ വാചകർ സരളമായ്.
(വിഷയം തേടി ചിന്തകൾ ഓടി നടന്നു കണ്ട കാഴ്ചകൾ)
ഗഹനം*= കാട്
വിഷദം*=മേഘം
കല്യം*= ശുഭമായത്
ചിറ്റിമ്പം*= ചെറിയ സന്തോഷം
(വൃത്തം-മാധുരി)
Comments
Post a Comment