ദിവ്യരാഗം
ഏകമാകുന്നു രണ്ടാൾ മംഗല്യത്താൽ,
മൂകമായ് സ്നേഹമീണം വിളമ്പുന്നു.
ഭാവം, താളം, ശ്രുതികാന്തി ശ്രേഷ്ഠമായ്
ദിവ്യരാഗമായ് മാറ്റിടും ദാമ്പത്യം.
വിട്ടുവീഴ്ചതൻ സൂനഹാരങ്ങളെ,
വേളിതൻ വാടി കാട്ടിത്തരും നൂനം.
അന്യോന്യം പങ്കുവയ്ക്കുന്നതാം കാര്യം
ധന്യമായ്ത്തീരും പാതിമെയ്സിദ്ധാന്തം.
ഇന്നിൻ വക്ത്രത്തെ ദർപ്പണേ കാണിക്കൂ
പൊന്നാം കല്യാണലക്ഷണം മാഞ്ഞുപോയ്.
മാതാ, സോദരി, രാഹുകേതുക്കളായ്
മാത്രം കാണുന്നു 'ന്യൂജെൻ' വിഭാഗക്കാർ.
"വേണ്ട കുട്ടികൾ പട്ടി നല്കും മോദം ,
ഇണ്ടലേറ്റും പ്രസവം പ്രയാസമാം.
വണ്ടിയുണ്ടു പണമുണ്ടു ധാരാള-
മാനന്ദലബ്ധി കിട്ടും, " ചിന്തിപ്പവർ.
'ന്യൂജെൻ, ജെൻസി'യാം വാക്കുകൾ സാമോദം,
നാട്ടിൽ കൈകോർത്തു 'ബെല്ലി നൃത്തം' ചെയ്വൂ.
വേണ്ട വിവാഹമൊന്നിച്ചു ജീവിത-
വാഴ്ച ചെയ്തിടാം സ്വാതന്ത്ര്യമേറെയാം.
വ്യാപാരക്കട, ഹോട്ടൽ, കഫേകളും
വെള്ളിവെട്ടത്തിലിഷ്ടങ്ങൾ സാധിപ്പൂ.
പാത്രം, പാചകം, ഭക്ഷണം വീട്ടിലായ്,
പാടേയില്ലൂണു ഭക്ഷണശ്ശാലയിൽ.
വൃദ്ധരായാലങ്ങൊറ്റപ്പെടും കാലം,
വ്യർത്ഥമായ് ജീവത,മെന്നു കേണിടും.
സ്വന്തം സ്വാതന്ത്ര്യമ്പോലും വിട്ടുപോകും,
സ്വാസ്ഥ്യമെങ്ങാൻ വിടചൊല്ലിപ്പോയെങ്കിൽ.
നിങ്ങളിലെന്നും നില്ക്കില്ല യൗവനം,
നാളുനീങ്ങുമ്പോൾ നാടുനീങ്ങുമവർ.
നന്മപേറുന്നോരെ കെട്ടു യൗവനം
നൻപുപേറുന്ന പൂർണ്ണകുലം വേണം.
സുന്ദരം മനോമോഹനം ജീവിതം
സ്നേഹവായ്പിനു ക്ഷാമം കുറഞ്ഞെങ്കിൽ.
പ്രേമം ജീവനനീരിൽ ചാഞ്ചാടട്ടേ,
പൃത്ഥ്വിതൻ സമാനം സഹനം വേണം.
(വൃത്തം സർപ്പിണി)
Comments
Post a Comment