സീമ!
(സർപ്പിണി)
എന്തുകാര്യവും സീമയിൽ നിൽക്കണം,
ചിന്തയില്ലാതെ ചെയ്യേണ്ട ചര്യകൾ.
ഭാതവേളതോറ്റു നിഷ്ടവേണം സദാ,
സുപ്തിചെയ്യാനൊരു ചിട്ട രാവിലായ്.
തേടു ജീവനംചെയ്യുവാൻ മാതൃക,
ദ്യോവിൽ പൊട്ടിയപട്ടമായ് പാറേണ്ട.
വേലി ചാടല്ലേ ലക്ഷ്യമില്ലാത്തപോൽ,
കോലുകൊണ്ടുള്ള പീഡനമേറ്റിടാം.
ചിന്ത പാരിലായ് ചുറ്റിക്കറങ്ങുകിൽ,
ചന്തം തെല്ലുമേ കാണില്ല ചുറ്റിലായ്.
സക്തി കാട്ടേണ്ട ഭൗതികകാര്യത്തിൽ,
ശക്തി ചോർന്നിടും കിട്ടാമോഹങ്ങളാൽ.
സ്നേഹം കാഴ്ചവച്ചാലും മതിൽവേണം,
കന്മഷമേറും ഇഷ്ടത്തിനുള്ളിലും.
വേല ആലോചനാവിനാ ചെയ്യുകിൽ,
കാലം പോകവേ നഷ്ടവും വന്നിടാം.
ഛിന്നമാക്കുന്നു ശാന്തിയെ തൃഷ്ണകൾ,
ഭിന്നമായ് പെരുമാറുമപ്പോൾ മർത്യർ.
ഉന്നംവച്ചുതാൻ പക്ഷിപാറുന്നതും,
ഉന്നമുണ്ടു വളരുമ്പോൽ ശാഖിക്കും.
സ്ഥാനമാനങ്ങൾ കാമിക്കല്ലേയേറെ,
മാനം നാടുകടന്നങ്ങു പോയിടാം.
ദ്വേഷം, ദുഷ്കൃതചിന്തകൾ,സ്പർദ്ധകൾ,
ദോഷമേറ്റി രസിച്ചിടും നമ്മിലായ്.
രോഗസംഹാരിഔഷധ വർദ്ധന,
രോഗംകൂടുതലാകുമതിൻഫലം.
നാമുമുറപ്പായ് സൂത്രണം ചെയ്യണം ,
കാമ്യം ഫലങ്ങൾ കൈവരിച്ചീടാനായ്.
തൂണിയെത്തിടാ സായകതുല്യമായ്
ഞാണുവേർപെട്ടയശ്വമാകൊല്ല നാം.
യുക്തിയുക്തമായ് ബുദ്ധിയോരം നില്ക്കു
ശുദ്ധിചെയ്തിടാം മേനിയേം ഹൃത്തിനേം.
Comments
Post a Comment