വന്ദിക്കുന്നേൻ പ്രഭോ!

        (വൃത്തം -മഞ്ജരി)


 

ശ്രീപരമേശ്വരാ! വന്ദിക്കുന്നേൻ പ്രഭോ!

തമ്പുരാനേ ശംഭോ  ശുഭാങ്കരാ!.

 നിൻ മുന്നിലിന്നൊരു സൂനമാകാൻ മോഹം,

 നിൻ ചരണത്തിൽ പതിച്ചിടുവാൻ.

 

ഭൂതിയേകീടുന്നു നിൻ ദർശനം ഭൂതീ!

ഭക്തിക്കുള്ള  വരമേകിടേണേ 

സത്യധർമ്മത്തിൻ വിചാരവികാരങ്ങൾ 

രക്തത്തിൽ വന്നു നിറഞ്ഞിടേണേ .

 

ത്രിപ്പാദം,ഞാനെന്നും മാനസത്തിൽ വയ്പ്പൂ 

മുപ്പാരിൻ നാഥാ!പരീക്ഷിക്കല്ലേ.

പ്രാർത്ഥനാഭസ്മവും  തൃപ്പാദേയർപ്പിപ്പൂ,

പ്രാരാബ്ധം മാറ്റി നീ ശാന്തിയേകൂ.

 

 ആർദ്രതാമാലേയം നൽകി  നീ കാക്കണേ,

 ധാര ഞാൻ ചെയ്യട്ടെ മാലു മാറ്റൂ .

ഭദ്രമാം പുഷ്പങ്ങളാക്കണേ മുള്ളെല്ലാം

നിദ്രതൻ വീഥി നീ സ്നിഗ്ദ്ധമാക്കൂ.

  

 പീഡകളേറ്റുവാങ്ങീടും മനസ്സിന്റെ

പാടു  മായിക്കൂ നീ നാഗധാരീ!

ഭക്തർക്കുമാതങ്കമൊന്നും നല്കീടാതെ  

മുക്തിയേകൂതൂർണ്ണം ഭോലേനാഥാ!

 

മൻമനോജീവിതനൗകയ്ക്കു മുന്നേറാൻ

ഉണ്മയാം സാഗരം കാട്ടിത്തരൂ.   

ക്ഷിപ്രകോപത്താൽ പരീക്ഷവേണ്ടാ,പ്രഭോ!

ക്ഷിപ്രപ്രസാദീ! അനുഗ്രഹിയ്ക്കൂ.








Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!