ഒരു വാർദ്ധക്യപുരാണം
(വൃത്തം-കുറത്തി)
വൃദ്ധതയെ തോൽപ്പിക്കുവാൻ സുന്ദരിക്കു മോഹം,
സ്നിഗ്ദ്ധമാക്കുവാൻ മുഖത്തെ ചിന്തയിൽ മുഴുകീ.
നിത്യവും ശുചീകരണം ചെയ്തു രാവിലായി,
തൃപ്തിയൊട്ടും വന്നതില്ലയേറിയില്ല കാന്തി.
ശുദ്ധമായ ലേപനങ്ങൾ വാങ്ങിക്കൂട്ടാൻ, പെണ്ണാൾ,
ശ്രദ്ധയോടെ ഫോണെടുത്തു തോണ്ടി കാശു നല്കീ.
വക്ത്രമൊന്നു തിളങ്ങുവാൻ കാത്തിരുന്നു നാരി,
വസ്തുവതാ വന്നുചേർന്നു വീടിൻ വാതിൽതന്നിൽ.
വെള്ളിവർണ്ണക്കടലാസ്സിൽ മുഗ്ധമായ് പൊതിഞ്ഞ
വൃത്തിയുള്ള കുപ്പി കണ്ടു മഞ്ഞളിച്ചു കണ്ണും.
വ്യക്തമായി വായിച്ചവൾ മൂടി മെല്ലേ മാറ്റി,
വെക്കം തേച്ചു ലേപനവുമാസ്യന്തന്നിൽ ഭംഗ്യാ.
രണ്ടുവാരം വക്ത്രഭാഗം ലേപനത്തിൽ മുക്കീ,
വെട്ടിവെട്ടി തിളങ്ങുവാനേറെയേറെ പൂശി.
ഇണ്ടലേറ്റി മുഖം കഷ്ടം! വാർദ്ധക്യംപോൽ തോന്നീ,
കണ്ട പരസ്യത്തിൽ വീണ പെണ്ണു തിണ്ണം കേണു.
സ്വന്തം 'പേഴ്സു' കാലിയാക്കും 'ഓൺലൈൻ' വാണിജ്യം,
സ്വപ്നതുല്യ പരസ്യങ്ങൾ ചിത്തങ്ങളെ ചോർത്തും.
സൗജന്യങ്ങളെന്ന കാട്ടൽ കച്ചവടതന്ത്രം,
സ്വാസ്ഥ്യത്തിനു പഞ്ഞമേറും മാനസം വിതുമ്പും.
സ്വസ്തതയ്ക്കു ഹാനിയേറി ദുഃഖക്കടൽ പൊന്തും,
സുപ്തി നഷ്ടമാകും വേല നല്ലപോൽ പഠിക്കൂ.
സത്യമാണോ കാണ്മതെല്ലാം രണ്ടുവട്ടം നോക്കൂ,
സ്വീകരിക്കാമാലംബമായ് വിശ്വസ്തമാം കാര്യം.
Comments
Post a Comment