ഹരി,ശ്രീ

        

ശ്രീയില്ലാതെ ഹരിയുണ്ടോ വിഷ്ണുവിനാ ലക്ഷ്മിയുണ്ടോ,

പ്രിയദേവീ! ലോകമാ! നീ വാഴ്വിൽ നില്പൂ.

മായാദേവി! ഉത്സംഗേ നീ മാനവരെ വച്ചൂ നിത്യം,

മയങ്ങീടും, മർത്ത്യലോകം നിൻമുന്നിലായ് .


ആദ്യാക്ഷരപ്പുലർകാലേ സാരസ്വതം* സ്വന്തമാക്കാൻ 

ആദ്യം ഹരിയൊപ്പം മാതേ! നിൻനാമവും.

സദ്ഗുണങ്ങളേറിവരാൻ ഗണേശനും തുണയ്ക്കുവാൻ 

സമൂഹം ചെയ്യുന്നു പൂജ പുണ്യം നേടാൻ.


നിന്നുടെയഭാവത്താലേ ദർഷ്ട്രം കാട്ടി കഷ്ടതകൾ 

വന്നു ശ്വാസം മുട്ടിച്ചീടും മാനുഷനെ.    

പൊന്നും സമ്പത്തും പണവും വസ്തുവക വാഹനങ്ങൾ 

മനുഷ്യതുണ്ഡത്തെ * നോക്കി തൂകും ചിരി.


പണമാണു ലോകമാതാവെന്നു മാലോകർ ചിന്തിപ്പൂ 

പൂമകളെ പണമെന്ന മുദ്രയേകി.

നിന്നുടെ പ്രഭാവം നരർ ഫുല്ലമെന്നു കരുതുന്നു,

നിൻ സാന്നിദ്ധ്യമവർക്കെന്നും മാസ്മരികം. 


സർവ്വോത്തമകാര്യമായി ഭാരതീ! മാനവർ നിന്നെ 

സർവ്വത്തിലും ദർശിക്കുന്നു കൃത്യമായി.

സമൂഹത്തിലസ്തിത്വത്തിൻ മൂലകമായ് ലക്ഷ്മി നില്പ്പൂ, 

സ്ഥാനമാനം നല്കി ലോകരാദരിപ്പൂ. 


ഇന്ദിരേ! നിന്നെ കാംക്ഷിച്ചു അനീതിതൻ വിളയാടൽ, 

മന്ദം യെമൻ ജീവനൊക്കെ തോളിലേറ്റും.

ഭൂലോകത്തിൻ തുടിപ്പുകൾ നേരെയാക്കാൻ എത്തീടേണേ   

ഭാരതീ! നീ കഷ്ടപ്പാടകറ്റീടണേ  


അമ്മേ! ഹരിപ്രിയേ! പ്രസൂ! നിൻ കടാക്ഷമൊന്നുമതി 

ചെമ്മേ മനുജർക്കു നേടാൻ സ്ഥാനമാനം.

മംഗലദേവതേ! രമേ! ഉപസ്ഥിതി ഞങ്ങൾക്കേകു,

മംഗളങ്ങൾ പെയ്തീടട്ടേ ദോഷം മാറാൻ.



സാരസ്വതം*=ഭാഷ 

തുണ്ഡം*= മുഖം 


(വൃത്തം- കളവാണിനട)



 




Comments

Popular posts from this blog

പാവനനാമം!

ഏകാന്തയാത്രികൻ! 

ആരെ വന്ദിപ്പൂ