ജീവനകല
നിന്നുടെ സവിധേ ഭഗവൻ! നിത്യം
കുന്നാം വ്യഥകളലിഞ്ഞീടും.
ദിഗംബരാ! നിൻ കാര്യം ചൊന്നാൽ,
ദിക്കുകളൊക്കേ തോഷം ചൂടും.
സുന്ദരികാന്താനികടംതന്നിൽ,
വന്നൂ ഭഗവാൻ! കാലാരീ!
ഗജാരി! പുഞ്ചിരിതൂകീ മെല്ലേ,
ഗിരിജയെ സ്നിഗ്ധം തഴുകാനായ്.
ഉമയും കഷടം! പരിതാപത്താൽ,
ഉരിയാടുകയേ ചെയ്തില്ലാ.
ലങ്കാനാഥനുമെത്തീ, നന്ദിയിൽ
വാക്കിൻ ശക്തി പരീക്ഷിച്ചൂ.
രാക്ഷസരാജൻ തോറ്റതുമൂലം,
ക്ലിഷ്ടതയേറി വലഞ്ഞവനും.
ക്രോധാവേശം മൂർച്ഛിതമായീ,
കൈലാസം പിഴുവാൻ നോക്കീ.
ശൈലേന്ദ്രൻ! ശൈലത്തേ ഞെക്കീ
ശരിക്കു നോവായ് രാവണനും.
പർവ്വതമൊന്നു കുലുങ്ങീ,പാർവ്വതി
പതിയെ ഭയത്താൽ പുല്കീ ഹാ!
രാക്ഷസകൃത്യം, ദ്വേഷം മുക്കീ,
രമ്യതയാൽ ഹർഷ മുതിർന്നൂ.
രാത്രീഞ്ചരനായ് സമ്മാനിച്ചൂ
ചന്ദ്രധനുസ് ശ്രീയീശാനൻ.
ഈ ലോകത്തിൻ നിറവാം ശംഭോ!
ഇഷ്ടത്തോടേ കാക്കുക നീ!
ജീവിതസാഗരയാഴം തന്നിൽ
ജീവനകലയേ കാട്ടിത്തരണേ.
(വൃത്തം-ന്യൂനതരംഗിണി)
Comments
Post a Comment