സ്വാമിമലയേറുവാൻ

  

ഭക്തിയോടെ സന്ധ്യവന്നു കാവിവസ്ത്രധാരിയായ്,

മുക്തിതേടി സ്വാമിതന്റെ പാദതാരു കൂപ്പിടാൻ.

സൂര്യനും സ്വധർമ്മമൊക്കെ ഭംഗിയായി തീർത്തുടൻ

യുക്തിപൂർവ്വമദ്രിതന്നിൽ സ്നാനഘട്ടമെത്തിനാൻ.

 

യാഗശാലതന്നിലെത്തിയർക്കനഗ്നിഹോത്രവും

യാഗപൂർത്തിയും നടത്തി തുഷ്ടിപേറി സുപ്തിയായ്.

സന്നിധിക്കു ശോഭയേറ്റി വന്നുഷസ്സു മോദമായ്,

സന്നിധാനവും സുമങ്ങൾ ചൂടിനിന്നു ഭംഗിയിൽ.

 

ആൽമരങ്ങൾ, കാട്ടുപൂക്കൾ, പക്ഷികളും പ്രാർത്ഥി*കൾ,

ആടൽമാറ്റിടാൻ ഘനങ്ങൾ വന്ദനത്തിനായ് വരും.

വന്യമാം മൃഗങ്ങൾ രാജകീയമായ് തൊഴും വിഭോ!

നിന്റടുത്തു കുമ്പിടുന്ന കാട്ടുദേശവും തൊഴും.

 

അയ്യ! നിന്നിലെത്തുവാനെനിക്കു മോഹമുണ്ടഹോ!

പയ്യെയെങ്കിലും വരാം മലയ്ക്കുമേലെയെത്തുവാൻ.

വയ്യ കൊണ്ടൽമൂടി നില്ക്കുമെന്റെ ഹൃത്തു വെന്തിടും,

കയ്പ്പുനീരൊഴുക്കിമാറ്റണേയിനിപ്പിൽ മുക്കണേ.

 

പൂർണ്ണമായി രക്ഷയേകിടൂ മഹാമതേ ചിരം,

ഗണ്യമായെനിക്കു  തമ്പുരാനെ! നല്കനുഗ്രഹം.

എന്തുപായമുണ്ടിതയ്യ! കുണ്ടു താണ്ടിയെത്തുവാൻ?

സ്വാന്ത*മെന്നിൽ ശാന്തമാകണേ സുശക്ത ചിന്തയാൽ.

 

വാമദേവപുത്ര!  ദേവ! ചിന്മയാ! നമിപ്പു ഞാൻ,

സാമവേദഗീതകങ്ങൾ ചൊല്ലിടാം സഹർഷമായ്.

താമ*മെന്നിൽനിന്നൊഴിക്കണേ  വരത്തെ നല്കിയും,

ആമയം സുമംഗളം ഹരിക്കു മോദരശ്മിയാൽ.

 

സ്വാന്തം* = മനസ്സ്

പ്രാർത്ഥി*= പ്രാർത്ഥിക്കുന്നവൻ

താമം*=ഉത്കണ്ഠ

 

(വൃത്തം- രേഫ ചാമരം)

 

 

 

 

Comments

Popular posts from this blog

പാവനനാമം!

ഏകാന്തയാത്രികൻ! 

ആരെ വന്ദിപ്പൂ