Posts

Showing posts from November, 2025

ഹരിയെവിടെ!

  വൃത്തം- മാദ്ധ്വി ( അതിമാവേലി) ഹരികൃഷ്ണാ! നിന്നുടെ കേളിയെല്ലാം  പരിചോടു  ചൈതന്യം തൂകും ഹൃത്തിൽ. ഹരിയെ  കാണാഞ്ഞപ്പോൾ   ഗോപികമാർ  പരിഹാരമെന്തെന്ന ചിന്തയിലായ്. എവിടായൊളിക്കിലും കേശവനേ   പവിഴം സമാനം സൂക്ഷിക്കുമുള്ളിൽ. പതിവായിയാലോലമാട്ടും ശാഖി പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ. പരിസരത്തെങ്ങാനും കാണുമെങ്കിൽ  പവനൻ ചൊല്ലാതെയിരിക്കുകില്ലാ. കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും കഴിയില്ല കണ്ണാ! നീയെവിടെയാണ്? വിഷമപൂർവ്വം വൃക്ഷം താഴ്ത്തി ശീർഷം, വിധുവുമെത്തീ മെല്ലെ പാളിനോക്കീ, കയറിന്നുറിയ്ക്കൂറിവന്നു സ്മേരം, ഉയരത്തിൽ തൂങ്ങുന്ന  ശാർങ്ങിമൂലം. ചിരിവന്നു, സ്വഭൂവടക്കിനിന്നു, പരിഭവിച്ചൂ   മെല്ലെ  ചങ്ങാതിമാർ. നവനീതചോരാ! നിൻ  ചര്യയല്ലേ നവനവവെണ്ണ കവർന്നെടുപ്പ്. സ്വഭൂ= ഹരി 

കൈലാസനാഥനേ! കേൾക്കണേ നീ!

 (മാരകാകളി) കൈലാസനാഥനേ! കേൾക്കണേ നീയിന്നായ് കാളുന്ന ഭൂവിൻ വിഷാദം!. ബ്രഹ്മാണ്ഡമണ്ഡലം പാലാഴിപോലെ താൻ, മാനുഷൻ വാസുകി തന്നെ. വാസുകി തുപ്പുന്നു ഹാലാഹലം കഷ്ടം, വാസമവൻ മാനംവിനാ. കല്പിപ്പൂ മറ്റുള്ളോർക്കായ് മൃത്യുശാസനം ജല്പനമോ മുദ്രാവാക്യം.  ചീക്കതൻ ദുർഗന്ധം മുക്കും സുഗന്ധത്തെ  വാക്കിനും വല്ലാത്ത നാറ്റം. വീഥി കൈയ്യേറുന്നു  സാമ്രാജ്യം കെട്ടുന്നു, മദ്യാധികാരച്ചാർച്ചക്കാർ. ബോധത്തെ പാട്ടിലാക്കീ ലഹരിക്കൂത്ത് മാനവനേറ്റുന്നരങ്ങിൽ. ചിത്തത്തിൽ വിദ്വേഷവും പൂശി യൗവനം കുത്തിദ്രോഹിക്കുമന്യോന്യം. നിന്നുടെ മൂന്നാം നേത്രത്താലേ കണ്ടിടൂ, ഇന്നു ജഗത്തിൻ സ്വരൂപം. നീയല്ലോ മാരാരി ലോകക്രമത്തിനായ് മായകൾ കാട്ടും മഹേശൻ! മാറ്റങ്ങൾ പാരിൽ വരാനായി കൂപ്പുന്നേൻ, മുറ്റിടുമക്രമം വേണ്ടാ. ശ്രീഭുതനാഥാ! നീ വിശ്വത്തിൻ കാര്യങ്ങൾ ആഭയാക്കൂ പണ്ടെപ്പോലെ.  

മൂവർണ്ണം ഇന്ദുവിൽ!

              മൂവർണ്ണം! അമ്പിളിനിത്യമെൻ മുന്നിലെത്തീ, കമ്പംകാട്ടി വന്നെന്നേവിളിച്ചു. ഇമ്പപൂർവ്വം ഞാൻ മേലേക്കുനോക്കി കമ്പിതയായി ഞാൻ ദൃശ്യം കണ്ടു. എന്തൊരുചന്തം പുഞ്ചിരിതൂകി* സുന്ദരവക്ത്രമക്ഷിക്കു പുണ്യം. അമ്പോടു ചാരെ താരകളെത്തീ മുൻപിൽ, പിന്നിലും നിരന്നുനിൽപ്പൂ. തങ്കത്തൊപ്പിചൂടും തിങ്കളിനെ ഭംഗിയായ് ഭാരതം പുൽകിയല്ലോ. ‘വിക്രംലാൻഡർ’ തൻ  ഗംഭീരമായ ചക്രം ശശിയിൽ സ്പർശനംചെയ്തു. സമ്പൂർണ്ണമൂവർണ്ണം നിന്നിന്ദുവിൽ, സമ്പാദിച്ചാദരമെൻഭാരതം. സന്തോഷംമാത്രം കഥിക്കാനുള്ളു, ആനന്ദപൂർവ്വം തുള്ളീമനവും. ഉൺമയോടെ ചന്ദ്രമണ്ണുതൊട്ടു നമ്മൾതൻ സ്വപ്നം യാഥാർത്ഥ്യമായി. പാരിൽ ശിരസ്സുയർത്താം നമുക്കും ഭാരതം പാരിൽ വിളങ്ങിടട്ടെ!

മലയാളമഹതി!

  (വൃത്തം-മണിമഞ്ജരി) മലയാളമഹതിക്കു കാല്യസ്നാനത്തിനായ് മുകളിലായ് കൊണ്ടൽ കുഴൽ തുറന്നേ. മതിമറന്നേ പെണ്ണു ജലകേളിയിൽ മുങ്ങി, മനവും  ശരീരവും സ്വസ്ഥമാക്കീ. മനസ്സിൽ നിറവായൊരുക്കവും ചെയ്തവൾ മുടി കെട്ടി മേനിയിൽ വാമ മെല്ലേ. ഹരിതത്തിലുടയാടയുടയാതെയുടുത്തൂ, അരിമുല്ലമലർച്ചന്തം ചൂടി പെണ്ണാൾ. പരിഭവപ്രവാഹം തെല്ലുമേ കാട്ടാത ഹരിപ്രിയ  നാരിയൊരുങ്ങി നില്പൂ. മഹിളയാം സുന്ദരി സകലകൂട്ടത്തിലും, മതിമറന്നേറെ ലസിച്ചിടുന്നൂ. മലകളിൻ മുകളിലെ ശാഖിതൻ ശാഖയിൽ മനംതുടിരീതിയിലൂയലാടി. മനതാരിലുല്ലാസം പേറീ മനോഹരി മണിമുത്തു ചേറി ചിരിച്ചു നില്പായ്.

സുന്ദര വാക്ക്!

  ( വൃത്തം - ദ്രുതകാകളി )   പാരിലെ   വാക്കതേതാണുസുന്ദരം ? ആരെയും   ശുദ്ധമാക്കും   പദം ‘ സത്യം ’ . വാസ്തവത്തിൻറേതാം   മറ്റൊരു   രൂപം വസ്തുതപേറും    മനോജ്ഞമീ   ശബ്ദം .   നിത്യമായാശ്വാസസത്തയായ്    സത്യം   സത്യമാമീശ്വരസാന്നിദ്ധ്യമല്ലോ . സത്യവാനെ   കരംനൽകി   രക്ഷിപ്പാൻ സത്യംതന്നായോരു   ലോകേശനെത്തും .   വാസ്തവത്തിൻറേതാം   വാഹനം   തെല്ലും വീഥി   തെറ്റാതെയെത്തിച്ചേരും   ലക്ഷ്യം . ഈശനോ   വേഷങ്ങൾ   മാറിടും   നിത്യം   പാർശ്വത്തിലുണ്ടാം   നേരുള്ളവർക്കായി .   സത്യശത്രുക്കൾ    പൊല്ലാപ്പു   ചൊല്ലുന്നു , സത്യമോ   ശാശ്വതമല്ലെന്നുപോലും . സങ്കീർത്തനങ്ങളാവശ്യ , മില്ലെന്നും   സങ്കടം   വന്നാലോ   പ്രാർത്ഥനയോതും .   കള്ളത്തരത്തിന്നുടമ്പടിക്കാരോ ഉള്ളകാര്യം   പൂട്ടിവച്ചീടും   ഹൃത്തിൽ . ചിന്താവിനാ   കൊട്ടാരം   കെട്ടുന്നവർ , വഞ്ചനാമണ്ണിൻറെ    കട്ടകൾ   തേടും .   സത്യത്തെ   കള്ളത്താക്കോൽകൊണ്ടു ...

മാമഘത്തിലെ നിലാവ്!

(വൃത്തം:രഥോദ്ധത) തംതതംത തതതംത തംതതം കൃഷ്ണ!മോഹനിനവുണ്ടു വീടിനായ് തുഷ്ടിവന്നു നിറയും സുവേശനം. കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ ഇഷ്ടകാര്യമതു നൽകുണേ പ്രഭോ! ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്  പാരമാം  ഭവനമേകു  കേശവാ! പാരിലായി സുഖമേറിടാൻ തുലോം സാരമായി മമ ഹൃത്തു കാത്തിടൂ. വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം മന്മനസ്സിൽ ശുഭചിന്തമാത്രമായ്. എന്നുമായ് തവ പദാരവിന്ദവും കണ്ണിനായ്ത്തരണമേ പ്രമോദവും. മാമഘത്തിലെ നിലാവതാകുവാൻ മന്മനം, കനിവു തേടിടും പ്രഭോ! മാലകറ്റി, മനവും തെളിച്ചിടാൻ മാധവാ! സുവരമേകണേ ചിരം! മാമകച്ചിന്തനമൊക്കെയും ഹരേ!  മാധവാ മനസിയേറ്റി നീ സ്വഭോ! ധന്യവാദനിനവും നിറച്ചുഞാൻ എൻറെ  ചേതനയിതാ സമർപ്പണം. പോന്നു ഞാൻ ശരണമേകിടും ഗൃഹേ ഇന്നു വീടു പരിപൂതമാക്കണം. കാല്യെതന്നെ ഹരെ! പൂജചെയ്തിടാം, ബാലകൃഷ്ണ! ശരണം മഹാപ്രഭോ!

പുകളാൽ പുളകിതം!

  ഭാരതമെന്നമാതാ             പുകളാൽപുളകിതം, ഭക്തിതന്നുറവിടം             ഭക്തരും കുറവല്ല. ഭാസ്വാന്റെ കൃപയാലും             നീരദപെയ്ത്തിനാലും ഭൂമാതാ കനിയുന്നു             ഭോജ്യം വിളയിച്ചീടാൻ. ആശ്വാസദായകമാം      അമൃതഫലം കാണാം,  പാർശ്വഫലങ്ങൾവിനാ     ഭക്ഷിക്കാമിഷ്ടത്തോടെ. സ്വന്തം മക്കൾതന്നുടെ      ജീവിതസുഖത്തിനായ് സ്വന്തം ഗാത്രം നോവിച്ചും      സ്വാന്ത്ര്യമേകീടുന്നു.        ഭാരതാംബ ചിരമായ്          പ്രകൃതിദേവിയുമായ് ഭദ്രമായ് സൗഹൃദത്തിൽ       നിലകൊള്ളുന്നു സദാ. *സിതഭാനു ചിരമായ്        മാനത്തിൻ മഞ്ചിലേറി  *സിതപ്രഭവർണ്ണത്തിൽ           ചിരിചൊരിഞ്ഞീടുന്നു.   താരാഗണങ്ങളോടു-       മേറ്റം പ്രിയതാപൂർവ്വം പാരിൻ നടുമുറ്റത്തായ്      നിന്നെത്തിനോക്കീടുന്...

ഈശ്വരാ!

     (വൃത്തം-കാകളി) ശ്രീയെഴുമീശ്വരാ!ശ്രീപരമേശ്വരാ! മായയായ് വന്നിടും പാരിൻറെ നായകാ! കൈലാസവാസിയാമേണാങ്കശേഖരാ! മാനസഗോപുരേ നിത്യമായ് വാഴണേ. ആഴത്തിലേറുന്ന  നോവുകളൊക്കെയും . ആഴ്ന്നഹോ!നില്ക്കുന്നു ചിത്തു തന്നിൽ. ലേപനമായി നീയെത്തണേയീശ്വരാ! സാന്ത്വനമായിത്തലോടണേ പാണിയാൽ സത്യത്തിൽ നില്ക്കണേ മന്മനം സർവ്വദാ അന്യായമാകല്ലെ,  മൽപ്രിയകാര്യങ്ങൾ. നിത്യനിതാന്തമാം സത്യസ്വരൂപനേ! അത്യന്തഭക്തിയാൽ വന്ദിച്ചിടുന്നു ഞാൻ. ക്ഷിപ്രപ്രസാദിയാം രുദ്രപ്പെരുമാളേ! ഇച്ഛപൊങ്ങീടൊല്ല,  സീമ വരയ്ക്കണേ. ദീനബന്ധോ! വിഭോ!  ഞാൻ നമിക്കുന്നിതാ മാനുഷനാമഹം  ചെയ്യല്ലെ  ദുഷ്‌കൃതി. ആതങ്കമെല്ലാമകറ്റേണം  ശംഭുവേ! ശീതളമാകണം ചിത്തിലെൻ  താപാഗ്നി. ശീതാംശു തൂകിടും മന്ദസ്മിതം സമം  ശങ്കരാ! ജീവനിലോജസ്സു നല്കിടൂ.

സുമ വളർത്തിയ ചെടി!

(വൃത്തം-മണിമഞ്ജരി) ചെറുസസ്യവളർച്ചക്കായതിമോഹം സുമയ്ക്കുണ്ടായ്, ഒരുപാടുനാളവൾ കാത്തിരുന്നു. അവൾ തൻറെ ചിന്തയും സ്വേദവും ശക്തിയും ചെലവാക്കി പൊന്തുവാൻ ബീജാങ്കുരം. ഒരുകുഞ്ഞു മുളവന്നു പുറമേയ്ക്കു പതിയെയായ്, ഒരുസ്വപ്‌നനേർമ്മയിൽ മുങ്ങീയവൾ. ചെടിയെക്കുറിച്ചായി സുമയ്ക്കുള്ളിൽ നിനവുകൾ, വടിവിൽ  വളർത്തുവാൻ ചിന്തനമായ്. സുമ സ്വന്തവേളകളുപയോഗിച്ചവൾക്കായി, മുദമായി  പ്രിയതയും കാട്ടിയവൾ.  ഇലപൊങ്ങി വളർന്നതിൽ സുമയ്ക്കുള്ളിൽ തൃപ്തിയായ്, പലപത്രവരവിലോ, വാൽസല്യമായ്. വളരുവാൻ തൈ കാട്ടിയമിതമാം തൃഷ്ണയും വലിയതാം മാത്രയിൽ പൊക്കമേറീ. വലുപ്പത്തിലാകാരം ബലമേറും കൈകളും വെളിപാടിൽ സുമയുടെ കരളു പൊള്ളി.     ചെടിതൻറെയരികിലായൊരുനാളണഞ്ഞവൾ മടിവിനായതുചീറ്റി വിഷകണങ്ങൾ. "കരളിതാ തെറിക്കുന്നു മനവുമ്മുറിയുന്നു, തളരുന്നു മകളുടെ കൃതത്താലേ." അകതാരു കരളുന്നമൂഷികസ്‌ത്രീയായി അതുമല്ല സർപ്പമ്പോൽ സ്വൈര്യം കൊത്തീ. ബഹുലമായ് അഭിലാഷം വയ്‌ക്കേണ്ട മക്കളിൽ, മഹുമാനം പുരട്ടിയ പെരുമാറ്റം ന. ദയകാട്ടി മക്കളേ നേർവഴി തെളിക്കണേ, അയയല്ലെ നിയന്ത്രണമെൻ  ഭഗവൻ. മയമുള്ള പെരുമാറ്റമവരിൽ വസിക്കട്ടെ, കയമുള്ള കടലിലാഴല്ലെയീശാ!

സഹജമാം കാര്യങ്ങൾ!

  (മണികാഞ്ചി!) അമലജലമാരോമൽ സൂനുവെ കൊഞ്ചിച്ചു മമതയൊടു മാതാവു താരാട്ടി പുത്രിയെ,   'വനജ,കമലം' വേറെ പേരതും  ചാർത്തിനാൾ, ഒരുമലരു മൗലിയിൽ ചൂടിച്ചു ഹൃദ്യമായ്. കമലമഹ!  പെട്ടെന്നു  കാണാൻ മിടുക്കിയായ് കരുണയുതിരും കണ്ണുമായിനൻ നോക്കിനാൻ. പ്രണയമഴ ചാറിച്ചവൻ തന്റെ ഹൃത്തിലായ്, അണിമയൊടു തൂകീയവൾ മന്ദഹാസവും. കരിമുകിലു ചേറി നൽനീർമണിമുത്തുകൾ അരിയമരമൊക്കെയും കാറ്റിലായ് ചാഞ്ചാടി. പുതുമഴ പയസ്സിനേ   ഭൂമിയിൽ വർഷിച്ചു, പതിയെ പലവാപികൾ തോയത്തിലായ്  മുങ്ങി. വനജയുടെ വാർത്തകൾ കിട്ടാതെ ഖേദിച്ചു മനസി വിഷമത്തിലായാദിത്യനഞ്ജസാ. ജലജമതിനേറെയായ് പൊങ്ങുക ദുഷ്കരം ജലമതിനു സമ്മതം നല്കിയതേയില്ല.  വികലതയിൽ ദുർബ്ബലർ  താഴ്ന്നിടും കാലത്തു സകലകരണങ്ങളും പെറ്റിടും തെറ്റിനെ. സുഖനിനവുമാത്രമായ് നോക്കിടാ, മാന്യരേ! സുഖദതരമായിടും സ്വയമേ  കാര്യങ്ങൾ   .

കാനൽജലം!

  മഞ്ജരി! വേനൽ കോപത്താലെ വാപിളർന്നു നിൽപ്പൂ  മാനവരെച്ചേർത്തു സർവ്വം തിന്നാൻ. വേഴാമ്പൽ പക്ഷികൾ ദാഹജലന്തേടി,  മാഴ്കുന്നു കുന്നുകൾ തോയംതേടി. ആഹമേറെയുള്ള  ആര്യമാവിൻ കോപം, ആരും  തീർപ്പാക്കാൻ തയാറാകില്ലാ. ആഹാ! വരവായി വാരി വൻമേളത്തിൽ,  മോഹനു മോഹംവൃഷ്ടിയിൽ മുങ്ങാൻ . മോഹനോ വൃഷ്ടിയെ ഹൃദിയേറ്റീനിന്നൂ, മോഹിച്ചതോഴിയെത്താൻ കൊതിച്ചു. പെണ്ണിനെ പൂർണ്ണമായിച്‌ഛിച്ചാപ്പയ്യനും എന്നാൽ പെണ്ണു  മെല്ലെ തെന്നിമാറി. പെണ്ണിൻറെയുള്ളത്തിലാഗ്രഹച്ചേലില്ല, പയ്യൻ ഹൃത്തിൽ ചേലായ്  വച്ചവളേ. ദുഃഖമാരൂഢമായ്   അക്ഷി നനഞ്ഞുപോയ്  മുങ്ങീയതിൽ പ്രാണനും  പിടഞ്ഞൂ. ഇന്നു  ക്ഷണം   സ്വീകരിച്ചവൾ ക്ഷണത്തെ വേനൽവർഷത്തിൻറെ  മാസ്മരമോ? അക്ഷികൾ ചുംബനം കൈമാറി മൗനമായ് , വൃക്ഷത്തിൻ വേരു കസേരയായി. ചുണ്ടുകൾ മന്ത്രിച്ചു തേനൂറുമീണങ്ങൾ, മാനസം കൈമാറി ഗൂഢപ്രേമം. സ്വാപത്തിൽ വീണതു തെല്ലുമറിഞ്ഞില്ലാ,  സുപ്തികളം  കാലിയാക്കി മന്ദം. കണ്ടതുസർവ്വം  കിനാവിൽ നൂറ്റ നൂലായ്,  കാനൽജലം മാത്രം പാവുമുണ്ടും. ആശയൊഴുകൊല്ല സൗഹൃദന്തേടുവാൻ, പാശമായ് മാറീടാം മിത്രതകൾ. ചിന്തനം ചെയ്...

ആടിവാ നാഗരേ!

(വൃത്തം-വടക്കൻപാട്ട്) ആടിവാ നാഗരേ! ആയില്യമായ് ആടാടാൻ   മാണിക്കം ചൂടിവായോ. മഞ്ഞളുമെണ്ണയും വച്ചിട്ടുണ്ടേ,   കുഞ്ഞുങ്ങൾ കാക്കുന്നു ചുറ്റിവായോ. നൂറും പാലും ഞങ്ങളേറെത്തരാം ആറും കടന്നങ്ങിഴഞ്ഞുവായോ. ശർക്കര, തേനും ധാരാളമുണ്ടേ, കർപ്പൂരം കത്തിച്ചു പൂജചെയ്യാം. ഗംഭീരമായ് കളം തീർത്തിട്ടുണ്ടേ മംഗളമായ് നാഗർ ആടിവായോ. കൂട്ടുകാരാം  പുള്ളോർ വീണമീട്ടും, കൊട്ടിപ്പാടും പുള്ളോർക്കുടം തുംതും. ശ്രീവാസുകീയുമനന്തനും വാ ശ്രീവാഴും കാവിൻ നാഗങ്ങൾ വായോ. വേണ്ടുവോളം നെയ്യും നല്കിടുമേ, ഉണ്ടുപോ നാഗരേ! കൂപ്പിടുന്നേൻ. ആയില്യം കാവിലേ മണിനാഗം വാ പായൽക്കുളത്തിലെ കരിനാഗം വാ. പുറ്റുംമുട്ടേമുണ്ണാൻ  സർപ്പം! വായോ, പാകത്തിൽ താളത്തിൽ ആടിവായോ.

പുണ്യദേവവാണി!

  ( മഞ്ജരി )   അക്ഷരരൂപിണി ! ആനന്ദദായകി ! അംബികേ ! വാഴുക   എന്നന്തരേ . ആയിരംനാവുകൾ   പോരല്ലോ   ദേവികേ ! ആ   മഹാമാഹാത്മ്യം   വർണ്ണിക്കുവാൻ .!   പാടവം    മന്മനേ   തെല്ലുമില്ലാ   ദേവി ! പാമരയ്ക്കേകുക   ജ്ഞാനദീപ്തി . ദ്വേഷമോ   മാനവജന്മത്താലാർജ്ജിതം , ദോഷങ്ങൾ   സർവ്വവും    പോക്കീടണേ .     വീണ , എഴുത്തോല , രുദ്രാക്ഷമാലയും , പാണികൾ   നാലിലും   മുദ്രയാക്കി . തൂവെണ്ണവർണ്ണത്തിൽ    ചേല   ചേലിൽ   ചാർത്തി  , തൂവെള്ളവാരിജം    വേദികയായ് .   മർത്ത്യനു   നല്ലൊരു   ദാനമായ്   നൽകി   നീ , സംസ് ‌ കൃതമാം   പുണ്യദേവവാണി . വ്യുല്പത്തിയേറെയേറീടുന്നൊരാ   ഭാഷ , വ്യാകുലം   മായ്ക്കുന്നൊരൗഷധമായ് .   നാരായവും   താളിയോലയുമൊന്നായി വാഴ്വിൽ   ഹേരംബന്നു   ദേവി   നൽകി  . അൽപ്പം   ജ്ഞാനത്തുള്ളി   എന്നിലിറ്റിച്ചു   നീ മുൽപ്പാടു   കാക്കണേ   വിദ്യാദേവീ !   വീണയിൽ   മാധുര്യം   ചാലിച...

ഉദരനിമിത്തം!

  ( വൃത്തം - നതോന്നത )   ആദിമർത്ത്യൻ    മരഞ്ചാടി       വാനരക്കോലം   തന്നല്ലോ , ആരെയൊട്ടും   ദ്രോഹിക്കാതെ -        യാഹാരം   തേടി . ആകെ   വരും   വിരുന്നുകാർ          വിശപ്പും   ദാഹവുംമാത്രം ആകാംക്ഷ , മോഹമവരെ       പ്രേമിച്ചതില്ലാ .   ബുദ്ധിവളർന്നേ   മാനവൻ      മാറി   മനീഷിയായ്പോലും , ബുധൻനാമലക്കോട്ടിട്ടൂ ,      ക്രൗരൃം   മുളച്ചു . ആദ്യ   ഗേഹമാരണ്യത്തെ            വെട്ടി   നരൻ     നശിപ്പിച്ചൂ , മോദപൂർവ്വം    കുടിലത          ഹൃത്തിൽ   നിറച്ചൂ .   വന്യജീവിവ്യൂഹമിപ്പോൾ         നാടുവാഴികൾ   മാത്രമായ് കാനനത്തിൻ   സമ്പത്തൂറ്റി ,      ദൂഷ്യങ്ങൾ   കാട്ടി .   വാസസ്ഥാനനഷ്ടമ്മൂലം ...