കടലും കരയും!
(വൃത്തം -അന്നനട) കരയും കായലും കടൽത്തരംഗവും ധരതന്നർഭകർ സദാ തമ്മിൽ തല്ലായ്. കടൽ താടിക്കുന്നു, കരയേ നോവേറ്റി, കടപ്പാടില്ലല്ലോ! നിരന്തരം ദ്രോഹം. തിര കരം നീട്ടി കരാകളേബരം തരം നോക്കി മെല്ലെയെടുത്തു കൊണ്ടുപോം. അവൾതൻ ത്വക്കിനു ക്ഷതമേറെയേകും അവിരാമമായി തുടരും താടനം. വ്യഥകളൊട്ടേറെ കരൾ പൊള്ളിക്കിലും, കഥയോതീ തീരമൊഴുക്കും പ്രേമത്തെ. സമുദ്ര തീരവും സരസവീചിയും, സദാ ധരയ്ക്കേകും മധുരലാവണ്യം. കരുതിത്തന്നെയും മനുഷ്യക്കൂട്ടവും കരതൻ നെഞ്ചിലെ ചുടുമാംസം ചീന്തും, കരുണകൂടാതെ പറന്നവർപോകും, വരുമ്പോഴൊക്കെയും തടത്തെ കാമിക്കും. അസുരരാം നരർ ധരമാംസഭോജി പ്രസുവാം ഭൂഗാത്രേ മുറിവേറ്റീടുന്നു. വസുധതൻ ജീവൻ മറന്നും മാനുഷർ വസൂലാക്കീടുന്നു വിഭവമെപ്പോഴും. ക്ഷിതിതൻ മാറിലെ നദിപ്പൂഞ്ചേലയെ, ക്ഷതങ്ങളേൽപ്പിച്ചു മുറിച്ചു കീറല്ലേ! പ്രസുവിന്നാരോഗ്യമവൾതൻ വാസവു- മസുഖംകൂടാതെ തനൂജർ കാക്കേണം. ഉദധികൾ , ഊഴി, പിരിയാത്തോഴിമാർ, ഉദയനും കൂടെ വരുന്നു കൂട്ടിനായ്. ഉദിച്ചുവന്നിടും വരുംചെറുമക്കൾ ഉദയസൂര്യൻപോൽ ജ്വലിക്കട്ടെ പാരിൽ.